ന്യൂഡല്‍ഹി: ഹഥ്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പടെ 400ഓളം പേര്‍ക്കെതിരെ യുപി പോലീസ് കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ച് സംഘടിച്ചുവെന്നാരോപിച്ചാണ് യുപി പോലീസിന്റെ നടപടി. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ഉള്‍പ്പെടെ ചുമത്തിയാണ് ആസാദിനുംസംഘത്തിനും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഹഥ്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പോകുന്നതിനിടെ ആസാദിനെയും സംഘത്തെയും യുപി പോലീസ് രണ്ടു തവണ തടഞ്ഞിരുന്നു. തുടര്‍ന്ന് ആസാദും സംഘവും പ്രതിഷേധിക്കുകയും പിന്നീട് ജാഥയായി കിലോമീറ്ററോളം നടക്കുകയും ചെയ്തു.
കാല്‍നട ജാഥ തടഞ്ഞ പോലീസ് ചന്ദ്രശേഖര്‍ ആസാദിനെ കുടുംബത്തെ കാണാന്‍ അനുവദിച്ചെങ്കിലും അദ്ദേഹത്തിനൊപ്പം 10 പേരെ മാത്രമേ കൂടെ കൊണ്ടുപോകാനാകൂ എന്ന് അറിയിച്ചു. അനുയായികള്‍ക്കൊപ്പം അഞ്ചു കിലോമീറ്റര്‍ നടന്നാണ് ആസാദ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. ഇതിനു പിന്നാലെയാണ് പോലീസിന്റെ നടപടി.