7 ദിവസത്തിനുള്ളില്‍ 40 ശതമാനം വര്‍ധന; ഫേസ്ബുക്കില്‍ മോഡിയെ മറികടന്ന് രാഹുല്‍ ഗാന്ധി, ഇത് രാഹുലിനുള്ള പിന്തുണയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഫേസ്ബുക്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടത്തിവെട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഫേസ്ബുക്ക് എന്‍ഗേജ്‌മെന്റില്‍ 40 ശതമാനം വര്‍ധനവാണ് ഈ അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ ഉണ്ടായത്. കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.

പേജില്‍ ലഭിക്കുന്ന ലൈക്ക്, കമന്റ്, ഷെയര്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് എന്‍ഗേജ്മെന്റ് നിര്‍ണയിക്കുന്നത്. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കണക്കാണ് ഇതെന്ന് അധികൃതര്‍ അറിയിക്കുന്നു. ഫേസ്ബുക്ക് അനലിറ്റിക്‌സ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പാര്‍ട്ടി റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെ രാഹുലിന്റെ പേജില്‍ 13.9 ദശലക്ഷം എന്‍ഗേജ്മെന്റാണ് ഉണ്ടായത്. നരേന്ദ്ര മോഡിയേക്കാള്‍ കുറഞ്ഞ ഫോളോവേഴ്സാണ് സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ ഗാന്ധിക്കുള്ളത്. എന്നാല്‍ മോഡിയുടെ പേജിന് ലഭിച്ചതിനേക്കാള്‍ 40 ശതമാനത്തിലധികം എന്‍ഗേജ്മെന്റാണ് ഏഴ് ദിവസങ്ങളുള്‍ക്കുള്ളില്‍ രാഹുലിന്റെ പേജിന് ലഭിച്ചത്. ഇത് രാഹുലിന് ലഭിക്കുന്ന പിന്തുണ കൂടിയാണ് കാണിക്കുന്നതെന്നും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകന്‍ പറഞ്ഞു.

Exit mobile version