ബംഗാളില്‍ ബിജെപി നേതാവ് മനീഷ് ശുക്ല വെടിയേറ്റ് മരിച്ചു; 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. മനീഷ് ശുക്ലയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. പോലീസ് സറ്റേഷന്‍ പരിസരത്ത് പ്രാദേശിക പാര്‍ട്ടി നേതാക്കളുമായി സംസാരിച്ചു നില്‍ക്കെയായിരുന്നു ആക്രമണം നടന്നത്.

ടീടാഗഢ് മുനിസിപ്പല്‍ കൗണ്‍സിലറാണ് കൊല്ലപ്പെട്ട മനീഷ് ശുക്ല. സംഭവത്തെ തുടര്‍ന്ന് ബരാക്ക്പുര്‍ മേഖലയില്‍ 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്നാണ് ബിജെപിയുടെ ആരോപണം. അതേസമയം, ആരോപണം തള്ളി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി.

ബിജെപിക്കുള്ളിലെ പോരാണ് കൊലയില്‍ കലാശിച്ചതെന്നും തൃണമൂലിന് ഇതില്‍ പങ്കില്ലെന്നും അവര്‍ അറിയിച്ചു. മോട്ടോര്‍ സൈക്കിളിലെത്തിയ ഒരു സംഘമാളുകള്‍ ബാരക്പുര്‍ ജില്ലാ കമ്മിറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ മനീഷ് ശുക്ലയുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

തലയിലും നെഞ്ചിലും പുറകിലും വെടിയേറ്റ ഇയാളെ ആദ്യം ബാരക്പുരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊല്‍ക്കത്തയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version