കോഴിക്കോട്: ഇന്ത്യയില്‍ ഇതുവരെ കൊവിഡ് എടുത്തത് 523 ഡോക്ടര്‍മാരുടെ ജീവനെന്ന് റിപ്പോര്‍ട്ട്. ഐഎംഎ നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ മരണപ്പെട്ടത് തമിഴ്‌നാട്ടിലെന്ന് കണക്കുകളില്‍ പറയുന്നു. വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരില്‍ 300 പേര്‍ ജനറല്‍ വിഭാഗത്തിലുള്ളവരും 223 പേര്‍ വിദഗ്ധ ഡോക്ടര്‍മാരുമാണ്.
അതേസമയം, രാജ്യത്ത് 2433 ഡോക്ടര്‍മാര്‍ക്കാണ് കൊവിഡ് ബാധയേറ്റത്. മരിച്ചവരില്‍ 498 പേര്‍ പുരുഷന്മാരും 25 പേര്‍ സ്ത്രീകളുമാണ്.തമിഴ്‌നാട്ടിസല്‍ 79 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. ആന്ധ്രയില്‍ 60, കര്‍ണാടക 57, ഗുജറാത്ത് 47, മഹാരാഷ്ട്ര 46, വെസ്റ്റ് ബംഗാള്‍ 36, ഉത്തര്‍ പ്രദേശ് 33. എന്നിങ്ങനെയാണ് മരണപ്പെട്ടവരുടെ കണക്ക്.
ഗ്രാമപ്രദേശങ്ങളിലും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലും ജോലിചെയ്യുന്ന ഡോക്ടര്‍മാരാണ് കൊവിഡ് ബാധിച്ച് മരിക്കുന്നവരില്‍ ഏറെയും. മരിച്ചവരില്‍ ഏറെയും കൊവിഡ് ഇതര രോഗികളെ ചികിത്സിക്കുന്നവരാണ്. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ സ്വീകരിക്കുന്ന തരത്തിലുള്ള മുന്‍കരുതലുകള്‍ ഈ ഡോക്ടര്‍മാര്‍ എടുക്കേണ്ടതുണ്ട്. ഇവിടങ്ങളില്‍ പലപ്പോഴും അത് സാധിക്കാത്തതും മരണനിരക്ക് കൂടാന്‍ കാരണമായെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് പറഞ്ഞു.
അതേസമയം, കേരളം, ജമ്മു കശ്മീര്‍, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മരണനിരക്ക് കുറവാണ്. ഗോവയില്‍ മൂന്നും കേരളം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോ ഡോക്ടര്‍മാരുമാണ് കൊവിഡ് മൂലം മരിച്ചത്.
Discussion about this post