ബുലന്ദ്ഷഹര്‍ കലാപം ആസൂത്രിതം; പശുവിനെ അറുക്കുന്നത് കണ്ടുവെന്ന സംഘപരിവാറിന്റെ മൊഴി കള്ളം; പശുവിന്റെ ജഡത്തിന് രണ്ടു ദിവസത്തിലേറെ പഴക്കം

കലാപത്തിന് കാരണമായ പശുവിന്റെ ജഡാവശിഷ്ടത്തിന് രണ്ടുദിവസത്തിലേറെ പഴക്കമുണ്ടെന്ന് പോലീസിന്റെ വെളിപ്പെടുത്തല്‍.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോവധമെന്ന ആരോപണമുയര്‍ത്തി സംഘപരിവാര്‍ അക്രമികള്‍ അഴിച്ചുവിട്ട കലാപം ആസൂത്രിതമെന്ന് പോലീസ്. കലാപത്തിന് കാരണമായ പശുവിന്റെ ജഡാവശിഷ്ടത്തിന് രണ്ടുദിവസത്തിലേറെ പഴക്കമുണ്ടെന്ന് പോലീസിന്റെ വെളിപ്പെടുത്തല്‍.

പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനെ സംഘര്‍ഷത്തിനിടെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയായ ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജ് അറസ്റ്റിലായെന്ന അഭ്യൂഹം പരന്നതിന് പിന്നാലെയാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ മുഖ്യമപ്രതിയായ യോഗേഷ് പോലീസിന്റെ കസ്റ്റഡിയില്‍ ഇല്ലെന്നും അറസ്റ്റ് എന്നുള്ള വാര്‍ത്ത വ്യാജമാണെന്നും പോലീസ് പറയുന്നു. കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന കുറ്റത്തിന് പോലീസ് യോഗിഷിനായി തെരഞ്ഞുകൊണ്ടിരിക്കുകയാണ്.

പശുവിനെ അറുക്കുന്നതു കണ്ടുവെന്നും കൊല്ലപ്പെട്ട സുബോധ് കുമാര്‍ ഹിന്ദുവിരുദ്ധനാണെന്നും ആരോപിക്കുന്ന ഒളിവിലുള്ള യോഗേഷിന്റെ വീഡിയോ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാദങ്ങളെ ഖണ്ഡിക്കുന്ന കണ്ടെത്തലാണ് പോലീസ് നടത്തിയിരിക്കുന്നത്.

Exit mobile version