അവര്‍ ഇവിടെ സുരക്ഷിതരല്ല, വേണ്ട സുരക്ഷ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ എന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോകും; ചന്ദ്രശേഖര്‍ ആസാദ്

ലഖ്നൗ: ഹഥ്രാസില്‍ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്. കുടുംബാംഗങ്ങള്‍ക്ക് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അവര്‍ ഇവിടെ സുരക്ഷിതരല്ലെന്നും വൈ പ്ലസ് സുരക്ഷ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തണം. അവര്‍ ഇവിടെ സുരക്ഷിതരല്ല. സുരക്ഷ നടപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ അവരെ ഞാന്‍ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും. കേസന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തണം’- ആസാദ് പറഞ്ഞു.

പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ ഹഥ്രാസിലെത്തിയ ചന്ദ്രശേഖര്‍ ആസാദിനെ രാവിലെ പോലീസ് തടഞ്ഞിരുന്നു. 11 മണിയോടെ വീട്ടിലെത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വഴിയില്‍ വെച്ച് പോലീസ് തടയുകയായിരുന്നു.തുടര്‍ന്ന് ഹഥ്രാസിലേക്ക് കാല്‍നടയായി യാത്ര ചെയ്യുകയായിരുന്നു ആസാദും സംഘവും.

Exit mobile version