ന്യൂഡല്‍ഹി: യുപിയിലെ ഹത്രസില്‍ ദലിത് യുവതി മരണപ്പെട്ട പശ്ചാത്തലത്തില്‍, പിന്നാക്ക ബഹുജനങ്ങള്‍ക്ക് ഉടന്‍ തോക്ക് ലൈസന്‍സ് നല്‍കണമെന്ന ആവശ്യവുമായി ഭീം ആര്‍മി. പ്രത്യേകാവകാശങ്ങളില്ലാത്ത ജനവിഭാഗത്തിനു തോക്ക് ലൈസന്‍സും സബ്‌സിഡിയും നല്‍കണമെന്ന് ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
പൗരന്മാര്‍ക്കു സ്വയം പ്രതിരോധിച്ചു ജീവിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്ന് ചന്ദ്രശേഖര്‍ ആസാദ് ചൂണ്ടിക്കാട്ടി. ‘രാജ്യത്തെ 20 ലക്ഷം ദലിത്, പിന്നാക്ക ബഹുജനങ്ങള്‍ക്ക് ഉടന്‍ തോക്ക് ലൈസന്‍സ് നല്‍കണമെന്നാണ് ഞങ്ങളുടെ ആവശ്യം. തോക്കുകളും പിസ്റ്റളുകളും വാങ്ങുന്നതിനു സര്‍ക്കാര്‍ 50% സബ്‌സിഡി നല്‍കണം. ഞങ്ങള്‍ സ്വയം പ്രതിരോധിക്കും’- ചന്ദ്രശേഖര്‍ ആസാദ് ട്വിറ്ററില്‍ കുറിച്ചു.
ഗണ്‍ ലൈസന്‍സ് ഫോര്‍ ബഹുജന്‍ എന്ന ഹാഷ്ടാഗോടെയാണ് ചന്ദ്രശേഖര്‍ ആസാദിന്റെ പ്രതികരണം. ഹത്രസ് സംഭവത്തില്‍ യുപി പൊലീസിനും ജില്ലാ ഭരണകൂടത്തിനും എതിരെ പ്രതിഷേധം രൂക്ഷമായ വേളയിലാണ് ആവശ്യം. തോക്ക് ലൈസന്‍സെന്ന ആവശ്യം ഉന്നയിച്ച ദലിത് ആക്ടിവിസ്റ്റ് സൂരജ് യെങ്‌ഡെ, 1995 ലെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) ചട്ടങ്ങളും ഉദ്ധരിച്ചു.
വ്യക്തിയുടെയും സ്വത്തിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ ആയുധ ലൈസന്‍സുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനെ നിയമം അധികാരപ്പെടുത്തുന്നതായി സൂരജ് ചൂണ്ടിക്കാട്ടി. ആവശ്യം തള്ളിയ ബിജെപി എംപി രാകേഷ് സിന്‍ഹ, ഭരണഘടനയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും പൗരന്മാരെ ന്യായമായും ഫലപ്രദമായും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നു വ്യക്തമാക്കി.