ലഖ്നൗ: ഹാഥ്റസില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ അനുകൂലിക്കുന്ന പ്രസ്താവനയുമായി ബിജെപി. ഉത്തര്‍പ്രദേശിലെ ഭല്ലിയയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ സുരേന്ദ്ര സിങ്ങാണ് പ്രതികളെ അനുകൂലിക്കുന്ന പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുന്നത്. പെണ്മക്കളില് നല്ല മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞാല്‍ ഹാഥ്റസില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതുപോലുള്ള സംഭവങ്ങള്‍ അവസാനിക്കുമെന്നാണ് ബിജെപി എംഎല്‍എ പറഞ്ഞത്.
‘ഇതുപോലുള്ള സംഭവങ്ങള്‍ നല്ല മൂല്യങ്ങളുടെ സഹായത്തോടെ അവസാനിപ്പിക്കാം, തങ്ങളുടെ പെണ്മക്കളെ എല്ലാ മാതാപിതാക്കളും നല്ല മൂല്യങ്ങള്‍ പഠിപ്പിക്കണം’. നല്ല മൂല്യങ്ങളും സര്‍ക്കാരും ചേര്‍ന്നാലേ രാജ്യത്തെ മനോഹരമാക്കാന്‍ കഴിയുകയുള്ളുവെന്നും ബിജെപി എംഎല്‍എ പറഞ്ഞു. ഭരണത്തിനോ ആയുധങ്ങള്‍ക്കോ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയില്ലെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടികളുടെ സ്വഭാവ ദൂഷ്യമാണ് അവര്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിന് കാരണം എന്ന അര്‍ഥത്തിലുള്ള ബിജെപി എംഎല്‍എയുടെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. എംഎല്‍എയുടെ പരാമര്‍ശത്തിന് എതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
Discussion about this post