വി മുരളിധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചു; പ്രധാനമന്ത്രിക്ക് പരാതി നല്‍കി ലോക് തന്ത്രിക് യുവ ജനതാദള്‍

ന്യൂഡല്‍ഹി: കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന് എതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കി ലോക് തന്ത്രിക് യുവ ജനതാദള്‍. 2019ല്‍ യുഎഇയില്‍ വെച്ച് നടന്ന ഓഷ്യന്‍ റിം അസോസിയേഷന്‍ കൗണ്‍സിലിന്റെ സമ്മേളനത്തില്‍ വി മുരളിധരന്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നാണ് പരാതി. ലോക് തന്ത്രിക് യുവ ജനതാദള്‍ പ്രസിഡന്റ് സലീം മടവൂര്‍ ആണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്.

2019ല്‍ യുഎഇയില്‍ വെച്ച് നടന്ന ഓഷ്യന്‍ റിം അസോസിയേഷന്‍ കൗണ്‍സിലിന്റെ സമ്മേളനത്തില്‍, വി മുരളീധരന് ഔദ്യോഗിക പ്രതിനിധി സംഘത്തിലില്ലാത്തയാളെ ഉള്‍പ്പെടുത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. എറണാകുളത്ത് പിആര്‍ കമ്പനി നടത്തുന്ന സ്മിത മേനോനെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു.

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നത് അവര്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ അംഗമായിരുന്നില്ല എന്നാണ്. ഏത് നിലയിലാണ് ഇവര്‍ സമ്മേളനത്തില്‍ പങ്കെടുത്തത് എന്ന ഗുരുതരമായ ചോദ്യമാണ് ഇത് ഉയര്‍ത്തുന്നത്. മന്ത്രിമാര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് ഗുരുതരമാണ്.നഗ്നമായ പ്രോട്ടോക്കോള്‍ ലംഘനമാണ് മന്ത്രി നടത്തിയത്. യുഎഇയിലെ എല്ലാ ഔദ്യോഗിക പരിപാടികളിലും ഇവര്‍ പങ്കെടുത്തിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും ലോക് തന്ത്രിക് യുവ ജനതാദള്‍ പ്രസിഡന്റ് സലീം മടവൂര്‍ അയച്ച പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

Exit mobile version