ഹൈദരാബാദ്: എതിര്‍പ്പ് കടന്ന് മകളെ വിവാഹം ചെയ്തതിന് 28 വയസ്സുകാരന്റെ ജീവനെടുത്ത് വീട്ടുകാര്‍. ഹേമന്ത് വ്യാസ് എന്ന യുവാവാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹേമന്തിന്റെ ഭാര്യ അവന്തിയുടെ മാതാപിതാക്കള്‍ ഉള്‍പ്പടെ 14 പേരെ പോലീസ് പിടികൂടി.
ചണ്ഡനഗര്‍ സ്വദേശിയാണ് ഹേമന്ത് വ്യാസ്. ഹേമന്തും അവന്തിയും പ്രദേശവാസിയാണ്. അവന്തിയുടെ കുടുംബവുമായി ഹേമന്തിന്റെ കുടുംബത്തിന് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇരുകുടുംബങ്ങള്‍ക്കുമിടയില്‍ ജാതിയുടെ ഒരു മതില് ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു.
ഹേമന്ത് ബിഎസ്സിക്കും അവന്തി ഇന്റര്‍മീഡിയറ്റിനും പഠിക്കുന്ന സമയത്താണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുന്നത്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട ചില അധ്യാപകര്‍ അവന്തിയുടെ അച്ഛന് സൂചന നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരും തങ്ങളുടെ അടുപ്പം അതീവരഹസ്യമാക്കി വെച്ചു.
അവന്തി ബിടെക്കിന് പഠിക്കുമ്പോള്‍ വീട്ടില്‍ നിന്ന് ഒരു സെല്‍ഫോണ്‍ വാങ്ങി നല്കി. ഹേമന്തും അവന്തിയും ഫോണ്‍ വഴി ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തിരുന്നു. അവന്തിയുടെ ഫോണ്‍ ബില്‍ 1400-1500 ആയതോടെ അച്ഛന് സംശയം തോന്നുകയും അവന്തിയെ ശാസിക്കുകയും ചെയ്തിരുന്നു.
പക്ഷേ ഇരുവരും തങ്ങളുടെ ബന്ധത്തില്‍ ഉറച്ചുനിന്നു. പഠനം പൂര്‍ത്തിയാക്കിയ ഹേമന്തിന് ഒരു പെയിന്റ് നിര്‍മാണ കമ്പനിയില്‍ ജോലി ലഭിച്ചു. പിന്നീട് കുറച്ചുവര്‍ഷങ്ങള്‍ക്കുളളില്‍ ഇന്റീരിയര്‍ ഡിസൈനറായ ഹേമന്ത് സ്വന്തം ഓഫീസ് ആരംഭിക്കുകയും ചെയ്തു.
2018-ലാണ് അവന്തി എന്‍ജിനീയറിങ് പൂര്‍ത്തിയാക്കുന്നത്. ഹേമന്തിന്റെ വീട്ടുകാരും ബന്ധം അറിഞ്ഞതോടെ ഇരുവരും ഉടന്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. 2020 ജൂണ്‍ 9ന് ഇവര്‍ ഒളിച്ചോടി ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായി.
എന്നാല്‍ അവന്തിയുടെ വീട്ടുകാരില്‍ നിന്ന് ഇരുവര്‍ക്കും ഭീഷണിയുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ പോലീസ് സഹായം തേടി. അവന്തിയുടെ വീട്ടുകാരെ വിളിപ്പിച്ച പോലീസ് അവര്‍ക്ക് കൗണ്‍സിലിങ് നല്കി മടക്കി അയച്ചു. ഇനി മകളുടെ ജീവിതത്തില്‍ ഇടപെടില്ലെന്ന് പോലീസ് സ്റ്റേഷിനില്‍ വെച്ച് കുടുംബാംഗങ്ങള്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
ഗച്ചിബൗളിയില്‍ വാടകയ്ക്ക് വീടെടുത്ത് ഹേമന്തും അവന്തിയും ജീവിതം ആരംഭിച്ചു. എന്നാല്‍ സെപ്റ്റംബര്‍ 24-ന് അവന്തിയുടെ രണ്ടു അമ്മാവന്മാര് ഇവരുടെ വീട്ടിലെത്തുകയും ഇരുവരേയും വലിച്ചിഴച്ച് കാറില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തു.
വഴിയില്‍ വെച്ച് കാറുമാറി കയറുന്നതിനിടയില്‍ ഇവരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ട അവന്തി പോലീസിലെത്തി വിവരമറിയിച്ചു. എന്നാല്‍ 20 കിലോമീറ്റര്‍ അകലെ നിന്ന് ഹേമന്തിന്റെ മൃതദേഹമാണ് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്.
Discussion about this post