ന്യൂഡൽഹി: തനിക്ക് കൊവിഡ് പോസിറ്റീവായാൽ ആദ്യം പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ് വിവാദത്തിലായ ബിജെപി ദേശീയ നേതാവ് അനുപം ഹസ്രയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം ഹസ്ര തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം അറിയിച്ചത്. കൊൽക്കത്തയില സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഹസ്രയെ.
ശാരീകാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹത്തെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. പരിശോധന ഫലം പോസിറ്റീവായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്ന് പാർട്ടി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബംഗാളിലെ ബിജെപി ദേശീയ സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെ കൊവിഡ് സ്ഥിരീകരിച്ചാൽ താനാദ്യം മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് വിവാദ പ്രസ്താവന നടത്തുകയായിരുന്നു അനുപം ഹസ്ര.
സെപ്റ്റംബർ 27 ന് പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബറൂയിപൂരിൽ വെച്ചാണ് ഹസ്രയുടെ ഈ പരാമർശം. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ഹസ്രയും ബിജെപി പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തിരുന്നത്.
എന്തുകൊണ്ടാണ് ഹസ്രയും മറ്റുള്ളവരും മാസ്‌ക് ധരിക്കാത്തതെന്ന് ചോദിച്ച മാധ്യമപ്രവർത്തകരോട് തങ്ങളുടെ പ്രവർത്തകർ കൊവിഡ് 19 നെക്കാൾ വലിയ ശത്രുവിനോട് പോരാടുകയാണെന്നും അത് മമത ബാനർജിയാണെന്നുമാണ് പ്രതികരിച്ചത്. കൊവിഡ് 19 ബാധിച്ചിട്ടില്ലാത്തതിനാൽ, മമതയ്ക്ക് ഭയമില്ലെന്നും തനിക്ക് രോഗം വന്നാൽ മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്നും ഹസ്ര പറഞ്ഞു.