ഷിംല: പതിനായിരം അടിക്കുമേലെ ഉയരത്തിലുള്ള ലോകത്തെ നീളമേറിയ തുരങ്കപാതയായ അടല്‍ റോത്തങ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാത്തിരിക്കുകയാണ് ഹിമാചല്‍ പ്രദേശ്. തനത് രുചികള്‍ ആസ്വദിക്കാനുള്ള അവസരമാണ് പ്രധാനമന്ത്രിക്കായി സംഘാടകര്‍ ഒരുക്കുന്നത്.
ശനിയാഴ്ചയാണ് തുരങ്കപാതയുടെ ഉദ്ഘാടനത്തിനായി മോഡി ഹിമാചല്‍ പ്രദേശിലെത്തുക. ഹിമാചല്‍ പ്രദേശ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ തയാറാക്കിയ മെനുവില്‍നിന്ന് മുഖ്യമന്ത്രി ജയ്‌റാം താക്കൂറാണ് മോഡിക്കായി രുചികരമായ കുറച്ചു വിഭവങ്ങള്‍ തിരഞ്ഞെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു തരം കൂണ്‍ വിഭവമാണ് ഭക്ഷ്യവിഭവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഹിമാലയന്‍ മലനിരകളില്‍ കാണപ്പെടുന്ന ഗുച്ചി എന്ന കാട്ടുകൂണ്‍ വിലയേറിയതാണ്. സമുദ്രനിരപ്പില്‍നിന്ന 6000 അടി മുകളില്‍ കാണപ്പെടുത്ത കൂണുകള്‍ ഹിമാചലിലെ മലകളിലും ജമ്മു കശ്മീരിലും മാത്രമാണ് ആകെ കണ്ടെത്തിയിട്ടുള്ളത്.
ഇരുമ്പ്, വൈറ്റമിന്‍ ഡി, ആന്റി ഓക്‌സിഡന്റ്‌സ്, ഫൈബര്‍ എന്നിവയുടെ അദ്ഭുത കലവറയാണ് ഗുച്ചി കൂണുകള്‍. ഫാറ്റിന്റെ അളവ് വളരെ കുറവ്. വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കാത്ത കൂണുകളാണ് ഇവ. കാട്ടുപ്രദേശങ്ങളില്‍ സ്വയം വളര്‍ന്നുവന്നാല്‍ ശേഖരിക്കാം.
കുളു മണാലി, ചമ്പ, കാംഗ്ര, പാങ്കി താഴ്വര എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. ഷിംലയില്‍ മഞ്ഞുപെയ്യുന്ന മേഖലകളിലും കണ്ടെത്തിയിട്ടുണ്ട്. കിലോയ്ക്ക് 40,000 രൂപ വരെയാണ് ഗുച്ചി കൂണുകളുടെ വില. കാടുകളില്‍നിന്നും താഴ്വരകളില്‍നിന്നും ദുര്‍ഘടമായ വഴികളിലൂടെ സഞ്ചരിച്ചാണ് ഗ്രാമങ്ങളിലെ തൊഴിലാളികള്‍ കൂണുകള്‍ കണ്ടെത്തുന്നത്.
ഹിമാചലില്‍ എത്തുന്ന വിവിഐപികള്‍ക്കു ഭക്ഷണം തയാറാക്കാനുള്ള ചുമതല ഹിമാചല്‍ ടൂറിസം കോര്‍പറേഷന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നന്ദലാല്‍ ശര്‍മയ്ക്കാണ്. ഇദ്ദേഹത്തിന്റെ കീഴിലുള്ള പാചക വിദഗ്ധര്‍ മണാലിയിലെത്തി പ്രധാനമന്ത്രിക്കായുള്ള അടുക്കളയുടെ ചുമതല ഏറ്റെടുത്തു കഴിഞ്ഞു.
Discussion about this post