ചണ്ഡീഗഢ്: രാജ്യത്തെ ഞെട്ടിച്ച അമൃത്സറിലെ ദസറ ആഘോഷത്തിനിടെ തീവണ്ടിതട്ടി 60 പേര് മരിച്ച സംഭവത്തില്‍ പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ധുവിന്റെ ഭാര്യ നവ്ജ്യോത് കൗറിന് ക്ലീന്‍ചിറ്റ്. ആഘോഷത്തിന്റെ ഭാഗമായി ജനങ്ങള്‍ കൂടിനിന്ന ട്രാക്കിലേക്ക് തീവണ്ടി പാഞ്ഞെത്തിയതാണ് അപകടത്തിന് കാരണമായത്. പരിപാടിയുടെ മുഖ്യാതിഥി ആയിരുന്ന നവ്ജ്യോത് കൗറിന് മജിസ്ട്രേട്ട്തല അന്വേഷണ റിപ്പോര്‍ട്ടിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുള്ളത്.
പഞ്ചാബ് സര്‍ക്കാരാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. അന്വേഷണം നടത്തിയ ജലന്ധര്‍ ഡിവിഷണല്‍ കമ്മീഷണര്‍ ബി പുരുഷാര്‍ഥ റിപ്പോര്‍ട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന് കൈമാറുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. സിദ്ദുവിന്റെ വിശ്വസ്തനായ അമൃത്സറിലെ കോണ്‍ഗ്രസ് കൗണ്‍സിലറുടെ മകന് സൗരഭ് മദന്‍ മീട്ടു, അമൃത്സര്‍ മുനിസിപ്പല്‍ കോര്പ്പറേഷന്, തദ്ദേശ ഭരണകൂടം, പോലീസ്, റെയില്‍വെ അധികൃതര്‍ തുടങ്ങിയവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താത്തതിന്റെ പേരിലാണ് മുനിസിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ടിലുള്ള പരാമര്‍ശങ്ങള്‍. തീവണ്ടിയുടെ വേഗം കുറയ്ക്കാത്തതിനാണ് റെയില്‍വെ അധികൃതരെ കുറ്റപ്പെടുത്തിയിട്ടുള്ളത്. ദസറയുടെ ഭാഗമായി നടന്ന ‘രാവണ്‍ ദഹന്‍’ ചടങ്ങ് കണ്ടുകൊണ്ട് തീവണ്ടിപ്പാളത്തില്‍ നിന്നവരാണ് അപകടത്തില്‍പ്പെട്ടത്.
Discussion about this post