ലഖ്‌നൗ: ഹഥ്രാസിൽ മരിച്ച ദളിത് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനായി തിരിച്ച കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരേയും കരുതൽ കസ്റ്റയിലിലെടുത്തതായി യുപി പോലീസ് പറഞ്ഞു.
ഹഥ്രാസ് കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ കാണാനായി പുറപ്പെട്ട രാഹുലിനേയും പ്രിയങ്കയേയും നേരത്തെ ഹഥ്രാസ് ജില്ലാ അതിർത്തിയിൽ പോലീസ് തടയുകയും വാഹനം പിടിച്ചെടുക്കുകയുമായിരുന്നു. ഇതേതുടർന്നാണ് അവരുടെ ഗ്രാമത്തിലേക്ക് കാൽനടയായി നേതാക്കൾ യാത്ര തിരിച്ചത്.
യമുനാ എക്‌സ്പ്രസ് വേയിൽ വെച്ചാണ് രാഹുലിനേയും പ്രിയങ്കയേയും പോലീസ് തടഞ്ഞത്. തുടർന്ന് പ്രവർത്തകർക്കൊപ്പം മാർച്ച് നടത്തി മുന്നോട്ടുനീങ്ങുകയായിരുന്നു രാഹുൽ. എന്നാൽ ഇവരെ പോലീസ് തടഞ്ഞു. ഇതോടെ രാഹുലും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. രാഹുൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെയാണ് രാഹുലിനെയും പ്രിയങ്കയേയും പോലീസ് കസ്റ്റഡിയിലെടുത്തത്. നൂറ് കിലോമീറ്റർ ദൂരം നടന്നിട്ടാണെങ്കിലും പെൺകുട്ടിയുടെ വീട്ടിൽ തങ്ങളെത്തുമെന്നും മാതാപിതാക്കളെ കാണുമെന്നും പ്രിയങ്ക ഗാന്ധിയും പറഞ്ഞിരുന്നു.
രാഹുലിന്റേയും പ്രിയങ്കയുടേയും സന്ദർശനത്തിന് മുന്നോടിയായി ജില്ലയിൽ 144 പ്രഖ്യാപിച്ചിരുന്നു. അതേസമയം രാഹുലും പ്രിയങ്കയും വരുന്ന വിവരം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഹാഥ്രാസ് അതിർത്തി സീൽ ചെയ്തിരിക്കുകയാണെന്നുമാണ് ഡിഎം പ്രവീൺ കുമാർ ലക്‌സാർ അറിയിച്ചിരിക്കുന്നത്.
Discussion about this post