സ്‌കൂളുകള്‍ തുറക്കണോ എന്ന് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം; രക്ഷിതാക്കളുടെ സമ്മതപ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാം

ന്യൂഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് 5ന്റെ മാര്‍ഗ നിര്‍ദേശമിറങ്ങി. ഒക്ടോബര്‍ 15 ന് ശേഷം രാജ്യത്ത് വിദ്യാഭ്യസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ച് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാവുന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണം. സ്‌കൂളില്‍ പോകാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. അതേസമയം, രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതപ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകേണ്ടത്.

തുറന്നുപ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ നിര്‍ബന്ധമായും കൊവിഡ് മാനദണ്ഡം പാലിക്കണമെന്നും പ്രത്യേകം നിര്‍ദേശം നല്‍കുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തരമന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കണം.

തിയറ്ററുകള്‍, മള്‍ട്ടിപ്ലെക്‌സുകള്‍ എന്നിവ ഉപാധികളോടെ തുറക്കാനും അനുമതിയുണ്ട്. കണ്ടൈന്‍മെന്റ് സോണിന് പുറത്തുള്ള തീയ്യേറ്ററുകള്‍ക്കാണ് പ്രവര്‍ത്തനാനുമതി. അതേസമയം, കൊവിഡ് വ്യാപനം നിലനില്‍ക്കെ തീയേറ്ററില്‍ പകുതി സീറ്റിലേയ്ക്ക് മാത്രമെ ആളുകളെ പ്രവേശിപ്പിക്കാവൂ.ഒക്ടോബര്‍ 1 മുതലാണ് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version