ബാബരി മസ്ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോ, വിധി നീതിയോടുള്ള പരിഹാസം; വിമര്‍ശിച്ച് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസില്‍ പ്രതികളായവരെ വെറുതെ വിട്ട കോടതി വിധിയെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബാബരി മസ്ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോ എന്ന് പ്രതികളെ വെറുതെ വിട്ട വാര്‍ത്ത പങ്കുവെച്ചു സീതാറാം യെച്ചൂരി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു സീതാറാം യെച്ചൂരിയുടെ വിമര്‍ശനം.

നീതിയോടുള്ള പരിഹാസം. ഗൂഢാലോചന ചുമത്തിയ എല്ലാവരെയും വെറുതെവിട്ടിരിക്കുന്നു. ബാബരി മസ്ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോ. ബാബരി മസ്ജിദ് തകര്‍ത്തത് അങ്ങേയറ്റം നീചമായ നിയമലംഘനമാണെന്ന് മുന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ വിധി ഇങ്ങനെയാണ്. നാണക്കേട് -യെച്ചൂരി ട്വീറ്റില്‍ പറഞ്ഞു.

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയാണ് ലക്‌നൗ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടത്. മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ് എന്ന് തെളിയിക്കുന്നതിന് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനിയും ജോഷിയും ശ്രമിച്ചതെന്നുമാണ് കോടതി പറഞ്ഞത്. പള്ളി പൊളിച്ചതിന് തെളിവായി നല്‍കിയ ദൃശ്യങ്ങളും കോടതി തള്ളി.

Exit mobile version