മുംബൈ: ഇന്ത്യയില്‍ ആദ്യമായി മദ്യം ഹോം ഡെലിവെറിയായി എത്തിക്കാന്‍ പദ്ധതിയൊരുക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മദ്യം വീട്ടിലെത്തിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഈ പദ്ധതി.
പുതിയ പദ്ധതി മദ്യ വ്യവസായത്തിന് വന്‍ മാറ്റങ്ങള്‍ വരുത്തുന്നതാകുമെന്ന് മഹാരാഷ്ട്ര എക്സൈസ് മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യത്തെ ഇകൊമേഴ്സ് കമ്പനികള്‍ പലവ്യഞ്ജനങ്ങളും പച്ചക്കറിയും വീടുകളിലെത്തിക്കുന്നതിന് സമാനമായാവും മദ്യവും എത്തിക്കുകയെന്ന് അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം മദ്യം ഓര്‍ഡര്‍ ചെയ്യുന്നവര്‍ പ്രായപൂര്‍ത്തിയായവരാണെന്ന് ഉറപ്പിക്കാന്‍ ഉപഭോക്താക്കള്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വില്പ്പനക്കാരന് നല്‍കേണ്ടി വന്നേക്കുമെന്നും ബവന്‍കുലെ പറഞ്ഞു.
ഒപ്പം വ്യാജമദ്യം വില്ക്കാതിരിക്കാനും മദ്യം കടത്തിക്കൊണ്ടുപോകാതിരിക്കാനും മദ്യക്കുപ്പികളില്‍ ജിയോ ടാഗിങ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇത് വഴി നിര്‍മ്മിക്കുന്നതു മുതല്‍ ഉപഭോക്താവിന്റെ കൈകളില്‍ എത്തുന്നതു വരെ മദ്യക്കുപ്പി ട്രാക്ക് ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post