ലഖ്നൗ: വീണ്ടും രാജ്യത്തിന് നാണക്കേടായി ഉത്തർപ്രദേശ് പോലീസിന്റെ നടപടി. ഉത്തർപ്രദേശിലെ ഹഥ്രാസിൽ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദളിത് യുവതിയുടെ മൃതദേഹം ഉറ്റബന്ധുക്കളെ ഒരു നോക്ക് കാണിക്കാൻ പോലും സമ്മതിക്കാതെ പുലർച്ചെ പോലീസ് സംസ്കരിച്ചു. വീട്ടുകാരുടെയും നാട്ടുകാരുടയേും പ്രതിഷേധത്തിനിടെയാണ് ഏകപക്ഷീയമായ പോലീസ് നടപടി. ഇതിനെതിരെ വൻപ്രതിഷേധം ഉയരുകയാണ്.
മൃതദേഹം ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങിയ പോലീസ് എല്ലാതീരുമാനങ്ങളും ഒറ്റയ്ക്ക് കൈക്കൊണ്ടു. മാധ്യമങ്ങളേയും പ്രതിഷേധക്കാരേയും സ്ഥലത്തുനിന്നും അടിച്ചോടിച്ച പോലീസ് തന്നെ ചിതയൊരുക്കുകയായിരുന്നു.
മകളെ അവസാനമായി ഒരുനോക്ക് കാണാനോ സംസ്കാരചടങ്ങുകൾ നടത്താനോ മാതാപിതാക്കളെ പോലീസ് അനുവദിച്ചില്ല. കുടുംബാംഗങ്ങളുടെ എതിർപ്പും പ്രതിഷേധവും അവഗണിച്ചാണ് പോലീസുകാർ മൃതദേഹം ശ്മശാനത്തിലേക്ക് മാറ്റിയത്. പോലീസ് നടപടി തടസപ്പെടുത്താൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പലയിടത്തുവെച്ചും ആംബുലൻസ് തടയാൻ ശ്രമിച്ചിരുന്നു. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽനിന്ന് ഹഥ്രാസിൽ എത്തിച്ച മൃതദേഹം, ബുധനാഴ്ച പുലർച്ചെ 2.45 ഓടെയാണ് സംസ്കരിച്ചത്. യുവതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും യുപി പോലീസ് അതിന് തയ്യാറായില്ല.
മൃതദേഹം സംസ്കരിക്കുന്ന സ്ഥലത്തുനിന്ന് മാധ്യമപ്രവർത്തകരെയും പ്രതിഷേധക്കാരെയും പോലീസ് വൻമതിൽ തീർത്ത് അകറ്റി നിർത്തി മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാഗാന്ധി തുടങ്ങി രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്.
Discussion about this post