ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത് ജഹാന് നേരേ വധഭീഷണി സന്ദേശം. ദുര്‍ഗ വേഷത്തില്‍ പരസ്യചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരിലാണ് എംപിക്ക് വധഭീഷണി എത്തിയത്. നുസ്രതിന്റെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്.
സെപ്റ്റംബര്‍ പതിനേഴിനാണ് ദുര്‍ഗ വേഷം ധരിച്ച ചിത്രം നുസ്രത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അതിന് ശേഷം അവര്‍ ഷൂട്ടിംഗിനായി ലണ്ടനിലേക്ക് പോകുകയും ചെയ്തു. ചിത്രം പോസ്റ്റ് ചെയ്ത് കുറച്ചു ദിവസത്തിനു ശേഷമാണ് ചിലര്‍ വധഭീഷണി സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങിയതെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
‘ഈ വിവരം ബംഗാള്‍ ആഭ്യന്തര മന്ത്രാലയത്തെയും ലണ്ടനിലെ ഇന്ത്യന്‍ എംബസിസേയും അറിയിച്ചിട്ടുണ്ട്. വിദേശത്തായതിനാല്‍ നുസ്രതിന് അധിക സുരക്ഷയുറപ്പാക്കാന്‍ എംബസി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’- നുസ്രതിന്റെ ഓഫീസ് ജീവനക്കാരന്‍ പ്രതികരിച്ച.
ഇതാദ്യമായല്ല നുസ്രതിന് നേരേ ഇത്തരം ഭീഷണികളുയരുന്നത്. മതേതര നിലപാടുകളുടെ പേരില്‍ നേരത്തേയും നുസ്രതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ബംഗാളി സിനിമാ താരമായ നുസ്രത് ജഹാന്‍ 2019 ലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ബസിര്‍ഹാത് സീറ്റില്‍ മത്സരിച്ച ഇവര്‍ വലിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം നേടിയത്.