ന്യൂഡൽഹി: രാജ്യം കൊവിഡ് പ്രതിസന്ധിയിൽ കഴിയുന്നതിനിടെ മതിയായ രേഖകളില്ലാത്തതിന്റെ പേരിൽ ആരുടേയും റേഷൻ മുടക്കരുതെന്ന് സുപ്രീംകോടതി. റേഷൻ കാർഡില്ലെങ്കിലും അംഗീകൃത ലൈംഗിക തൊഴിലാളികൾക്കു റേഷൻ വിതരണം ചെയ്യണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദേശം നൽകി.
നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷനും ജില്ലാ അധികൃതരും അംഗീകരിച്ച ലൈംഗിക തൊഴിലാളികൾക്കാണ് കൊവിഡ് കാലത്ത് മതിയായ രേഖകൾ ഇല്ലെങ്കിലും റേഷൻ ഉറപ്പ് വരുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് ഈ മാസം തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയിൽ ലൈംഗിക തൊഴിലാളികളെയും ട്രാൻസ്‌ജെൻഡറുകളെയും സഹായിക്കണമെന്നും ഭക്ഷണം ഉറപ്പ് വരുത്തണമെന്നും കോടതി നേരത്തെ കേന്ദ്ര സർക്കാറിന് നിർദേശം നൽകിയിരുന്നു. ലൈംഗിക തൊഴിലാളികളുടെ കൂട്ടായ്മയായ ദർബാർ മഹിളാ സമാന്യയ് എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അന്തസ്സോടെ ജീവിക്കാൻ ഭക്ഷണവും പാർപ്പിടവും സാമൂഹിക സുരക്ഷയും വേണമെന്ന് ഇവർ കോടതിയിൽ വാദിച്ചിരുന്നു. കൊവിഡ് ഇവരുടെ ജീവിതത്തെ തകർത്തുവെന്നും കോടതിയെ അറിയിച്ചു.
അതേസമയം, ലൈംഗിക തൊഴിലാളികൾക്ക് റേഷൻ കാർഡും തിരിച്ചറിയൽ കാർഡും ലഭ്യമാക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ല.
Discussion about this post