ന്യൂഡൽഹി: കൊറോണ വൈറസ് പരത്തുന്ന കൊവിഡ് 19 രോഗത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ മറ്റൊരു വൈറസ് കൂടി എത്തിയതായി ഭീതി. ക്യാറ്റ് ക്യൂ(സിക്യുവി) എന്ന പേരിലറിയപ്പെടുന്ന ചൈനീസ് വൈറസിനെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ) ആണ് ഇന്ത്യയിൽ വൻതോതിൽ വ്യാപിക്കാൻ ക്യാറ്റ് ക്യൂ വൈറസിന് ശേഷിയുണ്ടെന്ന മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സി ക്യൂവിന്റെ വ്യാപനം മനസ്സിലാക്കുന്നതിന് രാജ്യത്ത് കൂടുതൽ സാംപിളുകൾ പരിശോധിക്കേണ്ടിവരുമെന്നും പഠനം പറയുന്നുണ്ട്. ആർത്രോപോഡ് ബോൺ വിഭാഗത്തിൽപ്പെടുന്ന വൈറസാണ് സിക്യുവി. ചൈനയിലും വിയറ്റ്‌നാമിലും ക്യൂലക്‌സ് കൊതുകുകളിലും പന്നികളിലും ഇതിനകം ക്യാറ്റ് ക്യൂ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വൈറസ് മനുഷ്യരിൽ പനി, മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എൻസെഫലൈറ്റിസ് എന്നീ അസുഖങ്ങൾക്ക് ഈ വൈറസ് കാരണമാകുമെന്ന് വിദ്ഗ്ധർ പറയുന്നു.
ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളിൽനിന്നു ശേഖരിച്ച 883 സെറം സാംപിളുകളിൽ രണ്ടെണ്ണത്തിൽ സി ക്യുവിന്റെ ആന്റിബോഡികൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയിലൊന്നും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. എന്നാൽ ഇന്ത്യയിൽ ഈ വൈറസ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് സാംപിളുകൾ തെളിയിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
Discussion about this post