ഭോപാല്‍: തന്റെ അവിഹിത ബന്ധം കണ്ടെത്തിയതിന് ഭാര്യയെ മര്‍ദ്ദിച്ച മധ്യപ്രദേശ് ഡിജിപി നേരിട്ടത് കര്‍ശന നടപടി. വിഡിയോ വൈറലായപ്പോള്‍ തെറിച്ചതു സ്വന്തം തൊപ്പി. അച്ഛന്‍ അമ്മയെ തല്ലുന്ന വിഡിയോ ഇന്‍കംടാക്‌സിലെ ഡപ്യൂട്ടി കമ്മിഷണറായ മകനാണ് പുറംലോകത്തെ കാണിച്ചത്.
നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും എല്ലാ ചുമതലകളില്‍ നിന്നും പുരുഷോത്തം ശര്‍മയെ നീക്കിയതായും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. പ്രോസിക്യൂഷന്റെ ചുമതലയുള്ള ഡിജിപിയാണ് 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പുരുഷോത്തം ശര്‍മ.
മറ്റൊരു സ്ത്രീയുമായുള്ള ബന്ധം പിടിക്കപ്പെട്ടതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്നാണ് ആരോപണം. അതേസമയം, സംഭവം വാര്‍ത്തയായതിന് പിന്നാലെ ന്യായീകരണവുമായി പോലീസ് ഉദ്യോഗസ്ഥന്‍ പുരുഷോത്തം ശര്‍മ്മ രംഗത്തെത്തിയിരുന്നു.
32 വര്‍ഷമായി ഒപ്പം താമസിക്കുന്ന ഭാര്യയാണെന്നും ഇതു കേവലം കുടുംബ വഴക്കാണെന്നുമാണ് പുരുഷോത്തം ശര്‍മ പറഞ്ഞത്. ‘ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 32 വര്‍ഷമായി, 2008 മുതല്‍ അവള്‍ എനിക്കെതിരെ പരാതി പറയുന്നുണ്ട്. എന്നാല്‍ 2008 മുതല്‍ എന്റെ വീട്ടില്‍ തന്നെയാണ് അവള്‍ താമസിക്കുന്നത്. എല്ലാ സൗകര്യങ്ങളും ആസ്വദിക്കുന്നു. എന്റെ പണത്തിന് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. ‘ ഉദ്യോഗസ്ഥന്‍ ന്യായീകരിക്കുന്നു.
Discussion about this post