പകരം വെയ്ക്കാന്‍ ഇല്ലാത്ത എസ്പിബിക്ക് ഭാരത രത്‌ന നല്‍കി ആദരിക്കണം; ആവശ്യവുമായി ജഗന്‍ മോഹന്‍ റെഡ്ഡി, പ്രധാനമന്ത്രിക്ക് കത്തയച്ചു

ഹൈദരാബാദ്: അന്തരിച്ച പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്ന നല്‍കി ആദരിക്കണമെന്ന ആവശ്യവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഇക്കാര്യം ആഴവശ്യപ്പെട്ട് ജഗന്‍ മോഹന്‍ റെഡ്ഡി കത്തയച്ചു.

സംഗീത രംഗത്ത് പകരം വയ്ക്കാനാകാത്ത ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം ഇന്ത്യയിലെ ആരാധകര്‍ക്കും സംഗീതപ്രേമികള്‍ക്കും മാത്രമല്ല ലോകത്തിലെ തന്നെ സംഗീത കൂട്ടായ്മയ്ക്ക് വലിയ നഷ്ടമാണെന്നും ജഗന്‍മോഹന്‍ റെഡ്ഡി കത്തില്‍ പറയുന്നു.

സംഗീത മേഖലയിലെ പ്രാവീണ്യം കണക്കിലെടുത്ത് ലതാ മങ്കേഷ്‌ക്കര്‍, ഭൂപന്‍ ഹസാരിക, എംഎസ് സുബ്ബലക്ഷ്മി, ബിസ്മില്ല ഖാന്‍, ഭീംസെന്‍ ജോഷി എന്നിവര്‍ക്ക് നേരത്തെ രാജ്യം ഭാരതരത്ന പുരസ്‌ക്കാരം നല്‍കിയിട്ടുണ്ട്. സംഗീതമേഖലയ്ക്കു നല്‍കിയ അനവധിയായ സംഭാവനകള്‍ പരിഗണിച്ച് എസ്പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്ന നല്‍കണമെന്ന് കത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.

അഞ്ച് പതിറ്റാണ്ട് നീണ്ട ബാലസുബ്രഹ്മണ്യത്തിന്റെ സംഗീത ജീവിതം ലോക സംഗീത മേഖലയില്‍ തന്നെ ചെലുത്തിയ സ്വാധീനം ചെറുതല്ല, തെലുങ്കില്‍ മാത്രം അദ്ദേഹം നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്. ഇതുകൂടാതെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും അദ്ദേഹം നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Exit mobile version