‘വിതയ്ക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാരിനെ അടക്കം ചെയ്യാനും കഴിയുമെന്ന കാര്യം മറക്കരുത്’; കാര്‍ഷിക ബില്ലിനെ പിന്തുണച്ച എഐഎഡിഎംകെയ്ക്കെതിരെ കമലഹാസന്‍

ചെന്നൈ: കാര്‍ഷിക ബില്ലിനെ പിന്തുണച്ച എഐഎഡിഎംകെയെ രൂക്ഷമായി വിമര്‍ശിച്ച് കമലഹാസന്‍. കാര്‍ഷിക ബില്ലിനെ പിന്തുണയ്ക്കുന്നതിലൂടെ കര്‍ഷകരെ വഞ്ചിക്കുകയാണ് നേതൃത്വം ചെയ്യുന്നതെന്നാണ് കമലഹാസന്‍ പറഞ്ഞത്. കര്‍ഷകര്‍ക്ക് പ്രധാന്യം നല്‍കുമെന്ന് വാഗ്ദാനം നല്‍കി അധികാരം പിടിച്ചെടുത്ത പാര്‍ട്ടിയാണ് എഐഎഡിഎംകെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സ്വയം കര്‍ഷകനെന്ന് വിളിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ഈ ബില്ലിനെ പിന്തുണയ്ക്കുന്നത് കര്‍ഷകരോടുള്ള വഞ്ചനയല്ലേ? അടുത്ത തവണ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ വിതയ്ക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാരിനെ അടക്കം ചെയ്യാനും കഴിയുമെന്ന കാര്യം മറക്കരുത് എന്നാണ് കമലഹാസന്‍ പറഞ്ഞത്. കര്‍ഷകരെ പിന്തുണയ്ക്കുന്ന ബില്‍ ആയതിനാല്‍ അതിനെ എതിര്‍ക്കുന്നില്ലെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പറഞ്ഞത്.

അതേസമയം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ബില്‍ പിന്‍വലിക്കണമെന്നും കര്‍ഷകരെ സഹായിക്കാന്‍ അത് മാത്രമേ ഒരു വഴിയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ കോര്‍പറേറ്റുകളായ ഭൂവുടമകളെ ഉണ്ടാക്കി കര്‍ഷകരെ ആധുനിക കാലത്തെ കര്‍ഷക അടിമകളാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഈ ബില്ല് കര്‍ഷകര്‍ക്കെതിരായാണ് പ്രവര്‍ത്തിക്കുകയെന്നും കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് കോര്‍പറേറ്റുകള്‍ വില നിശ്ചയിക്കുന്നതിലെ അപകടത്തെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ മറച്ചു പിടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Exit mobile version