ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലൗ ജിഹാദ് വര്‍ധിക്കാനുള്ള കാരണം പാശ്ചാത്യരീതിയിലുള്ള ജന്മദിനാഘോഷങ്ങളും പുതുവത്സരാഘോഷങ്ങളുമാണെന്ന പുതിയ വാദവുമായി വിശ്വഹിന്ദു പരിഷത്ത് മാഗസിന്. ‘ഹിന്ദു വിശ്വ’ മാഗസിനിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മതേതര വാദികളായ മാതാപിതാക്കളുടെ മക്കളാണ് കൂടുതലായും ലൗ ജിഹാദില്പ്പെടുന്നതെന്നും മാഗസിന് ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്. വെള്ളിയാഴ്ച പുറത്തിറക്കിയ ‘ഹിന്ദു വിശ്വ’ പതിപ്പിലാണ് ഈ പരാമര്‍ശം.
‘ലൗ ജിഹാദില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുക’ എന്ന തലക്കെട്ടൊടെ പ്രസിദ്ധീകരിച്ച കവര്‍സ്റ്റോറിയിലാണ് പുതിയ വാദവും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. മൊത്തം പതിനൊന്ന് ലേഖനങ്ങളാണ് കവര്സ്റ്റോറിയില് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 147 കേസുകളാണ് ലൗജിഹാദ് ആരോപിച്ച് നടന്നതെന്നും ഈ ലേഖനത്തില്‍ പറയുന്നു. മാതാപിതാക്കള്‍ കുട്ടികളെ നല്ലരീതിയില്‍ വളര്‍ത്തുന്നില്ലെന്നും അവരെ പാശ്ചാത്യ മൂല്യങ്ങള്‍ പഠിപ്പിക്കാനാണ് ഉത്സാഹം കാണിക്കുന്നതതെന്നും ലേഖനത്തില്‍ പറയുന്നു. ഇതാണ് രാജ്യത്ത് ലൗ ജിഹാദുകള്‍ കൂടാന്‍ കാരണമെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.
മതേതരായ ഹിന്ദു മാതാപിതാക്കളുടെ പെണ്‍കുട്ടികളെ പ്രണയത്തിലാക്കാന്‍ എളുപ്പമാണ്. എല്ലാ മതങ്ങളും തുല്യമാണെന്ന വ്യാജ പ്രചരണമാണ് അവര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നത്- ലൗ ജിഹാദ്, ലോകവ്യാപകമായ ഗൂഢാലോചന എന്ന ലേഖനത്തില്‍ ഹിന്ദു ജനജാഗ്രത സമിതി നേതാവ് രമേഷ് ഷിന്‍ഡെ ചൂണ്ടിക്കാട്ടി. ജന്മദിനത്തിന് കേക്ക് മുറിക്കുക, പുതുവത്സരമാഘോഷിക്കുക, തുടങ്ങിയ പാശ്ചാത്യ രീതികളാണ് ഇന്ത്യയില്‍ ഹിന്ദുക്കള്‍ പിന്തുടരുന്നത്. ഇത് ഹിന്ദു ആചാരങ്ങളല്ല. മതേതര വീക്ഷണം വെച്ചുപുലര്‍ത്തുന്ന ഇവര്‍ വഞ്ചിക്കപ്പെടുകയാണെന്നും ലേഖനങ്ങളില്‍ പറയുന്നു.
ലൗ ജിഹാദ് വിഷയത്തില്‍ ബോളിവുഡിനെതിരെയും നിരവധി ആരോപണങ്ങള്‍ ലേഖനം മുന്നോട്ട് വെയ്ക്കുന്നത്. ‘ഖാന്’ എന്ന് പേരുള്ള എല്ലാ നടന്മാര്ക്കും ഹിന്ദു ഭാര്യമാരാണ് ഉള്ളതെന്നും ഇത് സമൂഹത്തില്‍ മോശം സ്വാധീനമുണ്ടാക്കുന്നുണ്ടെന്നുമാണ് പ്രധാനാ ആരോപണം. തന്റെ ഭാര്യയ്ക്ക് ഹിന്ദുവാകാം, എന്നാല്‍ മക്കള്‍ മുസ്ലിം ആയിരിക്കുമെന്ന് ബോളിവുഡ് നടന് ആമിര്‍ ഖാന് വരെ പറഞ്ഞുവെന്നും ഇവരുടെ സ്വാധീനം കൊണ്ട് പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികള്‍ ചതിക്കപ്പെടുകയാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.
Discussion about this post