‘താങ്കളെ പോലൊരു പ്രധാനമന്ത്രിയുടെ കുറവ് ഇന്ത്യ മനസിലാക്കുന്നു’; മന്‍മോഹന്‍ സിംഗിന് ജന്മദിന ആശംസയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 88 ന്റെ നിറവില്‍ നില്‍ക്കുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന് ജന്മദിന ആശംസയുമായി രാഹുല്‍ ഗാന്ധി. മന്‍മോഹന്‍ സിംഗിനെ പോലൊരു പ്രധാനമന്ത്രിയുടെ കുറവ് ഇന്ത്യ മനസിലാക്കുന്നു എന്നാണ് ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി കുറിച്ചത്.

‘മന്‍മോഹന്‍ സിംഗിനെ പോലെ ആഴമുള്ളൊരു പ്രധാനമന്ത്രിയുടെ കുറവ് ഇന്ത്യ മനസിലാക്കുന്നു. അദ്ദേഹത്തിന്റെ സത്യസന്ധത, മര്യാദ, ആത്മസമര്‍പ്പണം എല്ലാം നമുക്ക് എല്ലാവര്‍ക്കും പ്രചോദനമാണ്. അദ്ദേഹത്തിന് നല്ലൊരു വര്‍ഷം ആശംസിക്കുന്നു’ എന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

ഓരോ ഇന്ത്യക്കാരന്റെയും മൊത്തത്തിലുള്ള ക്ഷേമത്തിനായി പ്രവര്‍ത്തിച്ചയാളാണ് മന്‍മോഹന്‍സിംഗ് എന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വീറ്റില്‍ കുറിച്ചത്. അര്‍പ്പണബോധമുള്ള നേതാവിന്റെ ലക്ഷ്യം സമൂഹത്തെ ബാധിക്കുന്ന ഏറ്റവും മോശമായ തിന്മകളെ ഉന്മൂലനം ചെയ്യുകയെന്നതാണ്. അത്തരം തിന്മകളെ രാജ്യത്ത് നിന്ന് മായ്ച്ചുകളയുക എന്നതാണ് നേതാവിന്റെ പ്രധാനലക്ഷ്യം. ഓരോ ഇന്ത്യന്‍ പൗരന്റെയും ക്ഷേമത്തിനായി പ്രവര്‍ത്തിച്ച മുന്‍പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ അര്‍പ്പണബോധത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അദ്ദേഹത്തിന് പിറന്നാളാശംസകള്‍ നേരുന്നു എന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനൊപ്പം മന്‍മോഹന്‍ സിംഗിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന ഒരു വീഡിയോയും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.

1932 സെപ്റ്റംബര്‍ 26ന് പാകിസ്ഥാനിലെ ഗാഗ് പ്രവിശ്യയിലായിരുന്നു ഡോ.മന്‍മോഹന്‍ സിംഗിന്റെ ജനനം. സാമ്പത്തിക ശാസ്ത്രജ്ഞനായ അദ്ദേഹം 2004 മുതല്‍ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം വഹിച്ചു. പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ സിഖ് വംശജന്‍ കൂടിയാണ് മന്‍മോഹന്‍സിംഗ്.

Exit mobile version