കാര്‍ഷിക ബില്ല്: കേരളത്തിന് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി: കേരളത്തിന് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ കാര്‍ഷിക ബില്ലുകള്‍ക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. പഞ്ചാബ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപ്പിക്കാനൊരുങ്ങുന്ന്. രാഷ്ട്രപതി ബില്ലുകളില്‍ ഒപ്പുവച്ച ശേഷമായിരിക്കും ഹര്‍ജികള്‍ നല്‍കുക. കാര്‍ഷിക ബില്ലുകള്‍ക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളം നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രി സഭ യോഗത്തിലായിരുന്നു തീരുമാനം.

അതേസമയം കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം രാജ്യത്ത് തുടരുകയാണ്. സെപ്തംബര്‍ 28ന് കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 2ന് കര്‍ഷകരക്ഷാദിനമായി ആചരിക്കാനും തീരുമാനിച്ചു.

കര്‍ഷക സംഘടനകള്‍ക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികളും സംയുക്തമായി പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുകയാണ്. കര്‍ഷക പ്രക്ഷോഭം ശക്തമായതോടെ കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ചിലര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ രംഗത്തെത്തിയിരുന്നു. കാര്‍ഷിക ബില്ലുകള്‍ക്കൊപ്പം തൊഴില്‍ കോഡ് ബില്ലുകള്‍ പാസാക്കിയതിനെതിരെ തൊഴിലാളി സംഘടനകളും പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ്.

Exit mobile version