ചെന്നൈ: വിഖ്യാത ഗായകന് എസ് പി ബാലസുബ്രമണ്യത്തിന്റെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. ചെന്നൈയ്ക്ക് സമീപം തമാരപ്പാക്കത്തുള്ള എസ്പിബിയുടെ ഫാം ഹൗസില്‍ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ഏകദേശം ഒരുമണിയോടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പതിനൊന്ന് മണിയോട് കൂടി സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രിയ ഗായകനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാജ്ഞലി അര്പ്പിക്കാനുമെത്തുന്നവരുടെ തിരക്ക് കൂടിവരികയാണ്. ഇത് കാരണം ചടങ്ങുകള്‍ നീണ്ടുപോകുകയായിരുന്നു.
ഫാം ഹൗസിലെ സ്ഥലത്തുനിന്ന് 500 മീറ്റര്‍ മാറി പ്രത്യേകം ക്രമീകരിച്ച സ്ഥലത്താണ് പൊതുദര്‍ശനം പുരോഗമിക്കുന്നത്. നിരവധി ആരാധകരാണ് അദ്ദേഹത്തിന് ആദരാജ്ഞലി അര്‍പ്പിക്കാനായി ഒഴുകി എത്തികൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കോടമ്പാക്കത്തെ വീട്ടില്‍നിന്നു എസ്പിബിയുടെ ഭൗതികദേഹം താമരപ്പാക്കത്ത് എത്തിച്ചത്.
കോവിഡ് നിയന്ത്രണങ്ങളെല്ലാം മറന്നാണ് ജനങ്ങള്‍ എസ്പിബിയെ ഒരുനോക്ക് കാണാനായി എത്തിയത്. വീടിനു ചുറ്റുമുള്ള റോഡുകള്‍ അടച്ച് ജനത്തെ നിയന്ത്രിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് കുടുംബാംഗങ്ങളുമായി ആലോചിച്ച് എട്ട് മണിയോടുകൂടി കോടമ്പാക്കത്തെ വീട്ടിലെ പൊതുദര്‍ശനം പാതിവഴിയില്‍ അവസാനിപ്പിച്ച് ഭൗതികശരീരം ഫാം ഹൗസിലേക്കു മാറ്റുകയായിരുന്നു.
ഭൗതികശരീരമുള്ള ഫാം ഹൗസിന്റെ സുരക്ഷയ്ക്കായി 500 പോലീസുകാരെ നിയോഗിച്ചു. ചലചിത്ര താരം റഹ്മാന്, സംവിധായകനായ ഭാരതിരാജ തുടങ്ങിയ നിരവധി പ്രമുഖര്‍ താമരപ്പാക്കത്തെത്തി എസ്പിബിക്ക് ആദരാജ്ഞലി അര്‍പ്പിച്ചു.
Discussion about this post