ന്യൂഡൽഹി: ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഇടംനേടിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് ഷഹീൻബാഗ് ദാദി ബിൽക്കിസ് ബാനോ. പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിൽ നിന്നുള്ള മറ്റൊരു വ്യക്തി കൂടിയാണ് ബിൽക്കിസ് ബാനോ.
82കാരിയായ ബിൽക്കിസ് ദേശീയ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ സമരത്തിലൂടെയാണ് ശ്രദ്ധയാകർഷിക്കുന്നത്. ഷഹീൻബാഗിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകളുടെ കൂട്ടത്തിലെ ഒരാളായിരുന്നു ബിൽക്കിസും. എന്നാൽ പ്രായത്തെ അവഗണിച്ച് ഷഹീൻ ബാഗിലെ സമരപ്പന്തലിലെത്തിയ ബിൽക്കിസ് ദേശീയ പൗരത്വ നിയമത്തിനെതിരെയായ പ്രതിഷേധ സമരങ്ങളുടെ മുഖമായി മാറിയിരുന്നു. പിന്നീട് ഇവർ ഷഹീൻബാഗ് ദാദി എന്ന പേരിൽ ആണ് അറിയപ്പെടാൻ തുടങ്ങിയത്.
‘ഈ രീതിയിൽ ഞാൻ ആദരിക്കപ്പെടുന്നതിൽ സന്തോഷം തോന്നുന്നു. ഇതൊന്നും ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഖുർആൻ മാത്രമേ ഞാൻ വായിച്ചിട്ടുള്ളൂ. സ്‌കൂളിൽ പോയിട്ടില്ല. പക്ഷെ ഇന്നെനിക്ക് ഏറെ സന്തോഷം തോന്നുന്നു. ഇതേ പട്ടികയിൽ സ്ഥാനം നേടിയ പ്രധാനമന്ത്രി മോഡിയേയും ഞാൻ അഭിനന്ദിക്കുന്നു. അദ്ദേഹവും എന്റെ മകനാണ്. ഞാൻ ജന്മം നൽകിയില്ലെങ്കിലും എന്റെ സഹോദരിയാണ് ജന്മം നൽകിയത്. മോദിയുടെ ദീർഘായുസ്സിനും സന്തോഷത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കും’- ബിൽക്കിസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന, ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ, പ്രൊഫ. രവീന്ദ്ര ഗുപ്ത എന്നിവരും ഇന്ത്യയിൽനിന്ന് ടൈം മാഗസിൻ പട്ടികയിൽ ഇടം നേടിയിരുന്നു.
Discussion about this post