ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ ഏഴുവരെ മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. നവംബര്‍ 10നാണ് വോട്ടെണ്ണല്‍ നടക്കുക . ഒന്നാം ഘട്ടത്തില്‍ 16 ജില്ലകളിലെ 71 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ മൂന്നിനാണ് രണ്ടാം ഘട്ടം.
മൂന്നാം ഘട്ടം നവംബര്‍ ഏഴിനും നടക്കും. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20 ആണ്. കൊവിഡ് വ്യാപനം നിലനില്‍ക്കെ ഓണ്‍ലൈനായാണ് പത്രിക സമര്‍പ്പിക്കേണ്ടത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാകും പോളിങ് സമയം. കൊവിഡ് പശ്ചാത്തലത്തിലാണ് വോട്ട് രേഖപ്പെടുത്താന്‍ ഒരുമണിക്കൂര്‍ അധികം അനുവദിച്ചിരിക്കുന്നത്.
അവസാന മണിക്കൂറുകള്‍ കൊവിഡ് രോഗികള്‍ക്ക് വേണ്ടി മാത്രമായി നീക്കി വെച്ചിരിക്കുകയാണ്. ആരോഗ്യ വിദ്ഗധന്റെ മേല്‍നോട്ടത്തിലാകും ഇവര്‍ക്ക് അതാത് പോളിങ് ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കുക. അതേസമയം മാവോയിസ്റ്റ് ബാധിത മേഖലകളില്‍ ഈ സൗകര്യമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാകും ഇത്തരം മേഖലകളില്‍ പോളിങ് സമയം ക്രമപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, കൊവിഡിന്റെ പശ്ചാത്തലത്തില്‍ രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ഏഴ് ലക്ഷം ബോട്ടില്‍ സാനിറ്റൈസര്‍, 46 ലക്ഷം മാസ്കുകള്‍, ആറ് ലക്ഷം പിപിഇ കിറ്റുകള്‍, 7.6 ലക്ഷം ഫെയ്സ് ഷീല്‍ഡുകള്‍, 23 ലക്ഷം ഗ്ലൗസുകള്‍ എന്നിവ ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു. വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍ കയറാന്‍ മാസ്കും ഗ്ലൗസും ധരിക്കേണ്ടത് നിര്‍ബന്ധമാണ്. എല്ലാ പോളിങ് ബൂത്തുകളിലും താപനില പരിശോധിച്ചതിന് ശേഷമാകും വോട്ടര്‍മാരെ പ്രവേശിപ്പിക്കുക. സാനിറ്റൈസര്‍, സോപ്പ് എന്നിവയുണ്ടാകും. സാമൂഹ്യ അകലവും നിര്‍ബന്ധമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post