വേശ്യാവൃത്തി നിയമപ്രകാരം കുറ്റകരമല്ല, പ്രായപൂര്‍ത്തിയായ സ്ത്രീക്ക് തൊഴില്‍ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്; ബോംബെ ഹൈക്കോടതി

മുംബൈ: വേശ്യാവൃത്തി നിയമപ്രകാരം കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഏത് തൊഴില്‍ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. സ്ത്രീകളുടെ സമ്മതമില്ലാതെ അവരെ തടങ്കലില്‍ വയ്ക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി വനിതാ ഹോസ്റ്റലില്‍ തടഞ്ഞുവച്ച മൂന്ന് ലൈംഗിക തൊഴിലാളികളെ സ്വതന്ത്രരാക്കിയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ജഡ്ജി പൃഥ്വിരാജ് ചവാന്റെതാണ് ഉത്തരവ്.

1956ലെ ഇമ്മോറല്‍ ട്രാഫിക് നിയമം വേശ്യാവൃത്തി അസാധുവാക്കുന്നില്ലെന്ന് ജഡ്ജി പൃഥ്വിരാജ് ചവാന്‍ വ്യക്തമാക്കി. വേശ്യവൃത്തി തൊഴിലായി സ്വീകരിച്ചതിന്റെ പേരില്‍ നിയമം ആരെയും ശിക്ഷിക്കുന്നില്ല. വേശ്യാവൃത്തിയുടെ പേരില്‍ ആരെയെങ്കിലും ചൂഷണം ചെയ്യുന്നതും പൊതുസ്ഥലങ്ങളില്‍ ഇടപാടുകാരെ തേടുകയും ചെയ്യുന്നതാണ് കുറ്റകരമെന്നും കോടതി വ്യക്തമാക്കി.

2019 സെപ്തംബറില്‍ വേശ്യാവൃത്തിയില്‍ അകപ്പെട്ട മൂന്ന് യുവതികളെ മുംബൈ പോലീസ് രക്ഷപെടുത്തിയിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതികളെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ ഈ സ്ത്രീകള്‍ക്ക് താല്‍പര്യമില്ലെന്ന് കണ്ടെത്തിയതിനാല്‍ 2019 ഒക്ടോബര്‍ 19 ന് മജിസ്‌ട്രേറ്റ് അവരെ അമ്മമാര്‍ക്ക് കൈമാറാന്‍ വിസമ്മതിച്ചു. പകരം ഉത്തര്‍പ്രദേശിലെ വനിതാ ഹോസ്റ്റലില്‍ സ്ത്രീകളെ പാര്‍പ്പിക്കണമെന്ന് മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചു. ഈ ഉത്തരവാണ് ബോംബെ ഹൈക്കോടതി റദ്ദാക്കിയത്.

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതുപോലെ അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് താമസിക്കാനും, രാജ്യത്തെവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും, സ്വന്തം തൊഴില്‍ തിരഞ്ഞെടുക്കാനും അവകാശമുണ്ടെന്നും വ്യക്തമാക്കി യുവതികളെ ജഡ്ജി സ്വതന്ത്രരാക്കുകയായിരുന്നു.

Exit mobile version