ചെന്നൈ: പോലീസ് ആണെന്ന വ്യാജേനെ യൂണിഫോം അണിഞ്ഞ് കമിതാക്കളെ ഭീഷണിപ്പെടുത്തി മുതലെടുപ്പ് നടത്തുന്നയാൾ പിടിയിൽ. കമിതാക്കളുടെ രഹസ്യവീഡിയോ പകർത്തി അവരെ ഭീഷണിപ്പെടുത്തി പണമുൾപ്പടെ കവരുകയും യുവതികളെ പീഡിപ്പിക്കുകയുമായിരുന്നു ഇയാളുടെ പതിവ്. ഇത്തരത്തിൽ ഇയാൾ ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കിയ യുവതിയുടെ പരാതിയിൽ ചെന്നൈ പുഴൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ചെന്നൈ തോണ്ടിയാർപേട്ട് സ്വദേശി പിച്ചൈമണി(35)യെയാണ് പോലീസ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ സമാനമായ രീതിയിൽ 40ഓളം യുവതികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
പോലീസ് വേഷത്തിലെത്തി പീഡിപ്പിച്ച് 15,000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിലാണ് ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണിൽനിന്ന് നിരവധി യുവതികളുടെ വീഡിയോകളും ചിത്രങ്ങളും പോലീസ് കണ്ടെടുത്തു. 2016ലും സമാനമായ കേസിൽ ഇയാളെ പോലീസ് പിടികൂടിയിരുന്നു.
ഭാര്യയും രണ്ട് കുട്ടികളുമുള്ള പിച്ചൈമണി സദാസമയവും കാക്കിവേഷത്തിലാണ് നഗരത്തിൽ കറങ്ങി നടക്കാറുള്ളത്. കമിതാക്കളെത്തുന്ന സ്ഥലങ്ങളിൽ പോയി സ്വകാര്യനിമിഷങ്ങൾ മൊബൈലിൽ പകർത്തുകയും പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി യുവതികളെ പീഡിപ്പിക്കുകയുമാണ് ഇയാളുടെ രീതി.
പരാതിയുമായി മുന്നോട്ട വന്ന യുവതിയുടെയും കാമുകന്റെയും സ്വകാര്യനിമിഷങ്ങളും പിച്ചൈമണി ആദ്യം മൊബൈലിൽ പകർത്തിയിരുന്നു. തുടർന്ന് പോലീസ് വേഷത്തിൽ ഇവരെ സമീപിക്കുകയും വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം കാമുകനെ മാറ്റിനിർത്തിയ ശേഷം യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയും ചെയ്തു. ഇരയാക്കപ്പെട്ട യുവതി പോലീസിലെത്തി പരാതിപ്പെട്ടതോടെയാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് പ്രതിയെ കണ്ടെത്തിയത്.
സ്വന്തമായി നാല് ടാങ്കർ ലോറികളുള്ള ബിസിനസുകാരനാണ് പിച്ചൈമണി. ഇയാൾ ബൈക്കിലാണ് നഗരത്തിൽ ചുറ്റിക്കറങ്ങാറുള്ളത്. കമിതാക്കളും ദമ്പതിമാരും വരുന്ന മിക്ക സ്ഥലങ്ങളിലും ഇയാളുടെ സാന്നിധ്യമുണ്ടാകുമെന്നാണ് വിവരം. അവിവാഹിതരായ കമിതാക്കളുടെ വീഡിയോ പകർത്തിയാണ് സ്ഥിരമായി ഭീഷണിപ്പെടുത്താറുള്ളത്. ഇയാൾ പോലീസാണെന്ന് കരുതി മിക്കവരും പരാതി നൽകാത്തതിനാൽ ഈ സംഭവങ്ങളൊന്നും പുറത്തറിയാറില്ലെന്നും പോലീസ് പറഞ്ഞു.
Discussion about this post