കൊവിഡ് മരണം ഒരു ലക്ഷത്തിനടുത്ത്; ഇനിയും മാസ്‌ക് ധരിക്കാതെ ജനങ്ങൾ; രാജ്യത്ത് മാസ്‌ക് ധരിക്കാത്തവർ 66 ശതമാനമെന്ന് പഠനം

ന്യൂഡൽഹി: അതിതീവ്രമായ കൊവിഡ് വ്യാപനത്തെ രാജ്യം നേരിടുമ്പോഴും പൊതുജനങ്ങൾ മാസ്‌ക് ധരിക്കാൻ വിമുഖത കാണിക്കുന്നെന്ന് പഠനം. രാജ്യത്തെ ദിവസേനയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 80,000ത്തിന് മുകളിലും മരണസംഖ്യയാകട്ടെ ഒരു ലക്ഷത്തോട് അടുക്കുകയുമാണ്. ഇതിനിടെയാണ് ജനങ്ങൾ മാസ്‌കിനോട് മുഖം തിരിച്ച് പ്രതിരോധ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നത്.

സർക്കാരും സന്നദ്ധ സംഘടനകളും മാധ്യമങ്ങളും സോഷ്യൽമീഡിയയും കൊവിഡ് പ്രതിരോധത്തിനായി ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും ഇതൊന്നും ജനങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ലെന്നാണ് പഠനം പറയുന്നത്. 44 ശതമാനം പേർ മാത്രമാണ് ഇന്ത്യയിൽ മാസ്‌ക് ഉപയോഗിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന് ഏറ്റവും അത്യാവശ്യമായി പിന്തുടരേണ്ടത് കൃത്യമായി മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലാണ്.

അതേസമയം, രാജ്യത്തെ 66 ശതമാനം പേരും മാസ്‌കുകൾ ധരിക്കുന്നില്ലെന്ന പഠനം ഞെട്ടിക്കുന്നതാണെന്ന് സർവ്വേ പഠനറിപ്പോർട്ട്് പറയുന്നു. രാജ്യത്തെ 18 നഗരങ്ങളിൽ നടത്തിയ സർവ്വേയിലാണ് ഈ വിവരമുള്ളത്. രാജ്യത്തെ 50 ശതമാനം പേരും മാസ്‌ക് ഉപയോഗിക്കാത്തത് ശ്വസനസംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നത് മൂലമാണെന്ന് സർവേ പറയുന്നു. 44 ശതമാനം പേർ അസ്വസ്ഥതയും അസൗകര്യം ഉള്ളതുകൊണ്ടും 45 ശതമാനം പേർ സാമൂഹ്യ അകലം പാലിച്ചാൽ മതി, മാസ്‌ക് ധരിക്കേണ്ടെന്ന് കരുതുന്നവരുമാണെന്ന് സർവേ പറയുന്നു.

26-35 വയസ് പ്രായമുള്ളവർ കൊറോണയെ പ്രതിരോധിക്കാൻ മാസ്‌ക് വേണമെന്നില്ല, സാമൂഹ്യ അകലം മതിയെന്ന് വിശ്വസിക്കുന്നവരാണ്. പുരുഷൻമാരുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകളാണ് കൃത്യമായി മാസ്‌ക് ധരിക്കുന്നതെന്നും പഠനങ്ങൾ പറയുന്നു. മാസ്‌ക് സ്ഥിരമായി ധരിക്കുന്നവരിൽ 73 ശതമാനം പേർ മാത്രമെ വായും മൂക്കും മൂടുന്ന വിധത്തിൽ കൃത്യമായി മാസ്‌ക് ധരിക്കാറുള്ളുവെന്നും സർവേ വ്യക്തമാക്കുന്നു.

Exit mobile version