ന്യൂഡല്‍ഹി: രാജിവെച്ച ശേഷം രാഷ്ട്രീയത്തില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെച്ച് ബിഹാര്‍ മുന്‍ ഡിജിപി ഗുപ്തേശ്വര് പാണ്ഡേ. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ ചേരുമെന്ന കാര്യം ഗുപ്തേശ്വര് ശരിവെച്ചത്. ചൊവ്വാഴ്ചയായിരുന്നു ഗുപ്തേശ്വര് പാണ്ഡേ രാജിവെച്ചത്.
താന്‍ രാഷ്ട്രീയത്തില്‍ ചേരുന്നതില്‍ എന്താണ് ഇത്രവലിയ പ്രശ്നമെന്ന് ഗുപ്തേശ്വര് പാണ്ഡേ ചോദിക്കുന്നു. രാഷ്ട്രീയത്തില്‍ ചേരുന്നതില്‍ എന്താണ് അധാര്‍മികമായി ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. ‘രാഷ്ട്രീയത്തില്‍ ചേരുന്നത് അത്രയ്ക്ക് പാപമാണോ? അതിലെന്താണ് അധാര്‍മികവും മര്യാദകേടുമായിട്ടുള്ളത്? കുറ്റവാളികള്‍ക്കൊക്കെ പാര്‍ലമെന്റില്‍ എത്താമെങ്കില്‍ എനിക്ക് എന്തുകൊണ്ട് അതിനെപ്പറ്റി ചിന്തിച്ചുകൂട?,’ അദ്ദേഹം പറഞ്ഞു.
ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തനിക്ക് ഏത് സ്ഥലത്ത് നിന്നും ഇപ്പോള്‍ മത്സരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഗുപ്തേശ്വര് പാണ്ഡേയ്ക്ക് രാജ്യത്ത് ഏത് സ്ഥലത്ത് നിന്ന് വേണമെങ്കിലും ഇപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാം. രാഷ്ട്രീയത്തില്‍ ചേര്‍ന്നാല്‍ ഞാന്‍ ഒരു സിംഹത്തെ പോലെയായിരിക്കും പ്രവര്‍ത്തിക്കുക, ഒരു കള്ളനെ പോലെയല്ല,’ അദ്ദേഹം വ്യക്തമാക്കി.
Discussion about this post