ന്യൂഡല്‍ഹി: നാണയങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാരിന് ചിലവാകുന്ന കണക്കുകള്‍ പുറത്ത്. ഒരു രൂപ നാണയം നിര്‍മിക്കാന്‍ സര്‍ക്കാരിന് ഒരു രൂപ 11 പൈസ ചെലവാകുമെന്നാണ് വിവരാവകാശ രേഖകളില്‍ നിന്ന് ലഭ്യമായ രസകരമായ വസ്തുത.
ഇന്ത്യാ ടുഡേ, വിവരാവകാശ നിയമ പ്രകാരം നാണയങ്ങളുടെ നിര്‍മാണച്ചെലവ് ചോദിച്ചുകൊണ്ട് നല്‍കിയ അപേക്ഷയില്‍ കിട്ടിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു രൂപ നാണയത്തിന് പുറമേ നിലവില്‍ നിര്‍മിക്കുന്ന രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങളുടെ നിര്‍മാണച്ചെലവും ലഭ്യമായിട്ടുണ്ട്.
രണ്ട് രൂപ നാണയം നിര്‍മിക്കാന് ഒരു രൂപ 28 പൈസയും അഞ്ച്, പത്ത് രൂപാ നാണയങ്ങള്‍ നിര്‍മിക്കാന്‍ യഥാക്രമം 3.69 രൂപ, 5.54 രൂപ എന്നിങ്ങനെയുമാണ് ചെലവ്.
മുംബൈയിലെ ഇന്ത്യാ ഗവണ്‍മെന്റ് മിന്റിലാണ് നിലവില്‍ നാണയങ്ങള്‍ നിര്‍മിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങളേക്കാള്‍ കുറവ് നാണയങ്ങളാണ് 2018ല്‍ നിര്‍മിച്ചതെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു.