അതിർത്തിയിൽ മാത്രമല്ല ബഹിരാകാശത്തും ഇന്ത്യയെ നേരിട്ട് ചൈന

ന്യൂഡൽഹി: ഇന്ത്യയ്ക്ക് നേരെ ബഹിരാകാശത്തും ചൈനീസ് ആക്രമണമെന്ന് റിപ്പോർട്ട്. 2012 മുതൽ 2018 വരെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ കംപ്യൂട്ടർ സംവിധാനത്തിൽ നുഴഞ്ഞുകയറാൻ ചൈന ശ്രമിച്ചെന്നാണ് റിപ്പോർട്ട്. ചൈനീസ് ഹാക്കർമാരാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവർ എവിടെ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് ഐഎസ്ആർഒയ്ക്ക് തിരിച്ചറിയാനായിട്ടില്ല.

അമേരിക്ക ആസ്ഥാനമായ ചൈന എയ്‌റോസ്‌പേസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിലാണ് ഇന്ത്യൻ ഉപഗ്രഹങ്ങൾക്ക് നേരെയുള്ള ചൈനീസ് ആക്രമണത്തെകുറിച്ച് വിവരങ്ങളുള്ളത്. 2017ൽ ഇന്ത്യയുടെ ഉപഗ്രഹ നിയന്ത്രണ സംവിധാനത്തിൽ കയറിപ്പറ്റാൻ നടത്തിയ ആക്രമണമാണ് ഒടുവിലത്തേതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2012ലെ ആക്രമണമായിരുന്നു ഇതിൽ ഏറ്റവും വലിയത്. അന്ന് ഐഎസ്ആർഒയുടെ ജെറ്റ് പ്രൊപ്പൽഷൻ ലാബോറട്ടറിയുടെ നിയന്ത്രണം പൂർണമായും കൈക്കലാക്കാനായിരുന്നു ചൈനീസ് ഹാക്കർമാർ ശ്രമിച്ചത്. ഹാക്കിങ് ശ്രമങ്ങളിൽ ഐഎസ്ആർഒയുടെ കംപ്യൂട്ടർ സംവിധാനം കീഴ്‌പ്പെട്ടില്ലെന്നാണ് നിലവിലെ വിലയിരുത്തൽ.

അതേസമയം, ശത്രുരാജ്യത്തിന്റെ ചാര ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവെത്ത് വെച്ച് തകർക്കാൻ കഴിയുന്ന ആന്റി സാറ്റലൈറ്റ് മിസൈൽ സംവിധാനം ഇന്ത്യ വികസിപ്പിച്ചിരുന്നു. എന്നാൽ ചൈനയുടെ പക്കൽ ഇതിനെ ഒക്കെ മറികടക്കുന്ന പദ്ധതികളാണ് ഉള്ളതെന്ന് 142 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. ഭൂസ്ഥിര ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളെ പോലും തകർക്കാൻ ശേഷിയുള്ള സംവിധാനങ്ങൾ ചൈനയ്ക്കുണ്ട്. ആന്റി സാറ്റലൈറ്റ് മിസൈലുകൾ, കോ ഓർബിറ്റൽ സാറ്റലൈറ്റുകൾ,ജാമറുകൾ തുടങ്ങിയ സംവിധാനങ്ങൾ ചൈനയുടെ പക്കലുണ്ടെന്ന് ചൈന എയ്‌റോസ്‌പേസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു.

2019ലാണ് ഇന്ത്യ ഉപഗ്രഹ വേധ മിസൈൽ പരീക്ഷിച്ചത്. എന്നാൽ 2007ൽ തന്നെ ചൈന ഈ മിസൈൽ സാങ്കേതിക വിദ്യ സ്വന്തമാക്കിയിരുന്നു. ചൈന മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്ന ഗ്രൗണ്ട് സ്റ്റേഷനുകളുടെ നിയന്ത്രണം കൈവശപ്പെടുത്താനുള്ഌശ്രമത്തിലാണിപ്പോൾ.

അമേരിക്കൻ എയർഫോഴ്‌സ് മേധാവി, അമേരിക്കൻ ബഹിരാകാശ ഓപ്പറേഷൻസിന്റെ മേധാവി തുടങ്ങിയവരെ സഹായിക്കുന്നതിന് വേണ്ടിയുള്ള സ്ഥാപനമാണ് റിപ്പോർട്ട് തയ്യാറാക്കിയ ചൈന എയ്‌റോസ്‌പേസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട്.

Exit mobile version