മുംബൈ: സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെയുള്ള കുറ്റം തെളിഞ്ഞാല്‍, എല്ലാ ബന്ധവും ഉപേക്ഷിക്കുമെന്ന ആദ്യ വ്യക്തി താനായിരിക്കുമെന്ന് നടി തപ്‌സി പന്നു. ദേശീയ മാധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം. ‘അനുരാഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അദ്ദേഹവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്ന ആദ്യ വ്യക്തി ഞാനായിരിക്കും. ആരെങ്കിലും ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ കൃത്യമായ അന്വേഷണം നടക്കട്ടെ. സത്യം പുറത്തുവരട്ടെ.’ തപ്സി വ്യക്തമാക്കി.
നടി പായല്‍ ഘോഷ് അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെ തപ്സി പന്നുവടക്കമുള്ള നിരവധി പേര്‍ അനുരാഗിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തനിക്ക് അറിയാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച ഫെമിനിസ്റ്റാണ് അനുരാഗ് എന്നായിരുന്നു തപ്സി പറഞ്ഞത്. ഇതിന് പിന്നാലെയാണ് നടി പുതിയ പ്രസ്താവന നടത്തിയത്.
ഇതിനൊപ്പം തന്നെ അനുരാഗ് സ്ത്രീകളോട് വളരെ ബഹുമാനമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ സിനിമസെറ്റുകളിലാണ് സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് തുല്യമായ സ്ഥാനമാണ് ലഭിക്കാറുള്ളതെന്നും തപ്സി കൂട്ടിച്ചേര്‍ത്തു.
Discussion about this post