മുംബൈ: കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി രംഗത്ത് എത്തിയ ബോളിവുഡ് താരമാണ് സോനു സൂദ്. ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് താരം ഇതിനോടകം വീട്ടിലെത്തിച്ചത്. മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി താരം വിട്ടു നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ അടുത്തിടെ താരത്തിനെതിരെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സോനു തട്ടിപ്പുകാരനാണെന്നും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള താരത്തിന്റെ തന്ത്രങ്ങളാണ് ഇവയൊക്കെ എന്നാണ് ചിലര്‍ പറഞ്ഞ് പരത്തിയത്. ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് താരം.
‘നിങ്ങള്‍ നിങ്ങളുടെ ജോലിയുടെ ഭാഗമായിട്ടായിരിക്കാം ഇതൊക്കെ ചെയ്യുന്നത്. ഇതിന് നിങ്ങള്‍ക്ക് പ്രതിഫലവും ലഭിക്കും. ഇതൊന്നും എന്നെ ബാധിക്കില്ല. അതുകൊണ്ട് ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കും. ഞാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് അവകാശപ്പെടുന്നവര്‍ക്കുള്ള മറുപടിയും എന്റെ പക്കലുണ്ട്. ഞാന്‍ ഇതുവരെ സഹായിച്ച 7,03,246 ആളുകളുടെയും അഡ്രസും ഫോണ്‍ നമ്പറും ആധാര്‍ നമ്പറും എന്റെ കൈയില്‍ ഉണ്ട്. വിദേശത്തു നിന്ന് ഞാന്‍ നാട്ടിലെത്തിച്ച വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും എന്റെ പക്കലുണ്ട്. ഇതൊക്കെ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ എന്റെ പക്കല്‍ എല്ലാത്തിന്റേയും വിവരങ്ങള്‍ ഉണ്ട്. എന്നെ ട്രോളുന്നതിന് പകരം പോയി ആരെയെങ്കിലും സഹായിക്കൂ’ എന്നാണ് സോനു സൂദ് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
Discussion about this post