ഗുവാഹത്തി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആറ് മാസത്തിലധികമായി അടച്ചിട്ടിരിക്കുന്ന അസാമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുക്കുന്നു. ഈ മാസം 24 മുതല്‍ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
അതേസമയം കര്‍ശനമായ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളാണ് ക്ഷേത്രത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.ക്ഷേത്രത്തില്‍ ഒരു ദിവസം 500 ഭക്തര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. ഭക്തരെ പതിനഞ്ച് മിനിട്ടില്‍ കൂടുതല്‍ ക്ഷേത്രത്തിനുള്ളില്‍ നില്‍ക്കാന്‍ അനുവദിക്കില്ല. ശരീരോഷ്മാവ് പരിശോധിക്കും. മാസ്‌കും സാനിട്ടൈസറും ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിനു പുറമെ ദ്രുത ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ഫലം ഉള്ളവരെ മാത്രമേ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ എന്നാണ് അസം സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ഗുവാഹത്തിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നീലാചല്‍ എന്ന കുന്നിന്‍ മുകളിലാണ് കാമാഖ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രാചീനമായ 51 ശക്തി പീഠങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ ക്ഷേത്ര സമുച്ചയത്തില്‍ പ്രധാന ദേവിയെ കൂടാതെ പത്ത് ദേവീ സ്ഥാനങ്ങള്‍ കൂടി സങ്കല്‍പ്പിക്കപ്പെടുന്നു. അവ ദശമഹാവിദ്യമാരായ മഹാകാളി, താരാദേവി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, ചിന്നമസ്ത, തൃപുര സുന്ദരി, ധൂമാവതി, മാതംഗി, കമല എന്നിവയുടേതാണ്. ദുര്‍ഗ്ഗാ മാതാവിന്റെ പത്തു പ്രധാന താന്ത്രിക രൂപങ്ങള്‍ ആണിവ. തൃപുര സുന്ദരി, മാതംഗി, കമല എന്നിവ പ്രധാന ക്ഷേത്രത്തിലും മറ്റുള്ളവ വേറേ ക്ഷേത്രങ്ങളിലും ആരാധിക്കപ്പെടുന്നു.
ക്ഷേത്രമന്ദിരത്തില്‍ ഒരു ചെറിയ ഗുഹക്കുള്ളിലായി കല്‍ഫലകത്തില്‍ കൊത്തിവെച്ചിരിക്കുന്ന സതീദേവിയുടെ യോനിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ദക്ഷയാഗസമയത്ത് ജീവത്യാഗം ചെയ്ത സതീദേവിയുടെ ശരീരം മഹാവിഷ്ണുവിന്റെ സുദര്‍ശന ചക്രപ്രയോഗത്തില്‍ 108 കഷണങ്ങള്‍ ആയി ചിതറിയപ്പോള്‍ യോനീഭാഗം വീണ ഭാഗമാണിതെന്നാണ് വിശ്വാസം. ആദിശക്തിയുടെ പ്രതാപരുദ്രയായ ഭഗവതീ സങ്കല്പമാണ് കാമാഖ്യാദേവി. ഒമ്പത് യോനീരൂപങ്ങളുടെ മദ്ധ്യത്തിലായി ഒരു യോനീരൂപത്തിലാണ് ശ്രീചക്രം നിരൂപിക്കുന്നത്. താന്ത്രികാരാധനയുടെ ഒരു കേന്ദ്രമായും കാമാഖ്യ ക്ഷേത്രം പരിഗണിക്കപ്പെടുന്നു.
Discussion about this post