ന്യൂഡല്‍ഹി: എയര്‍ഇന്ത്യാ വിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്. യാത്രക്കാരില്‍ ചിലര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനാലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ മൂന്ന് വരെയാണ് എയര്‍ഇന്ത്യാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യാത്ര തുടങ്ങുന്നതിന് 72 മണിക്കൂറെങ്കിലും മുമ്പ് നടത്തിയ കൊവിഡ് പരിശോധനയുടെ ഫലം നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുമായി മാത്രമേ ഇന്ത്യക്കാരെ ഹോങ്കോങ്ങിലെത്താന്‍ അനുവദിക്കൂവെന്ന് അവര്‍ ജൂലായില്‍ വ്യക്തമാക്കിയിരുന്നു. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായ വിമാനങ്ങള്‍ക്ക് ഓഗസ്റ്റിലും ഹോങ്കോങ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.