ന്യൂഡൽഹി: പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ കാർഷിക ബില്ലിനെ സംബന്ധിച്ച് കർഷകർക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. താനും ഒരു കർഷകനാണ്. സർക്കാർ കർഷകരെ വേദനിപ്പിക്കുമെന്ന് ഒരിക്കലും കരുതരുതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യസഭയിൽ ഇന്നുണ്ടായ പ്രതിഷേധം ദുഃഖകരവും ദൗർഭാഗ്യകരവും അപമാനകരവുമാണ്. ചർച്ചകൾ തുടങ്ങുകയെന്നത് ഭരിക്കുന്ന പാർട്ടിയുടെ കടമയാണ്. അതുപോലെ സഭയിൽ അച്ചടക്കം പാലിക്കേണ്ടത് പ്രതിപക്ഷത്തിന്റേയും ധർമമാണ്. തന്റെ അറിവിൽ ഇതുപോലൊരു സംഭവം ലോക്‌സഭയുടേയോ രാജ്യസഭയുടേയോ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
പാർലമെന്റിന്റെ അച്ചടക്കത്തിന് എതിരാണ് ഇന്നുണ്ടായ സംഭവങ്ങൾ. പ്രതിപക്ഷം രാജ്യസഭാ ഉപാധ്യക്ഷനെതിരെയുള്ള അവിശ്വാസപ്രമേയ നോട്ടീസ് നൽകിയിരിക്കുന്നു. ചെയർമാൻ ഇത് സംബന്ധിച്ച അന്തിമതീരുമാനം കൈക്കൊള്ളും. അത് ചെയർമാന്റെ പ്രത്യേകാധികാരമാണ്. അതിനെക്കുറിച്ച് തനിക്ക് രാഷ്ട്രീയപരമായി ഒന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post