കൊറിയ: കൊവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകൾ അടച്ചിട്ടതോടെ വിദ്യാർത്ഥികളുടെ ക്ലാസുകൾ ഓൺലൈനിലായതോടെ അധ്യാപകർക്ക് തിരക്കേറിയ ദിവസങ്ങളിൽ നിന്നും മോചനം ലഭിച്ചെങ്കിലും പ്രത്യേകിച്ചൊന്നും ചെയ്യാനാകാതെ മടുപ്പ് അനുഭവിക്കുകയാണ് പലരും. പക്ഷെ, മറ്റ് അധ്യാപകരെ പോലെ വെറുതെയിരിക്കാൻ തയ്യാറാകാതെ ഈ സർക്കാർ സ്‌കൂൾ അധ്യാപകൻ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ തീരുമാനിച്ചതോടെ പുതിയ ചരിത്രം പിറക്കുകയായിരുന്നു.
ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിൽ നിന്നുള്ള പേര് രുദ്ര റാണ എന്ന അധ്യാപകൻ ഓൺലൈൻ ക്ലാസുകളിലെ പഠനത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് തണലായിരിക്കുകയാണ്. സ്മാർട്ട് ഫോണോ, ഇന്റർനെറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാൽ ഛത്തീസ്ഗഡിലെ നിരവധി പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അവരുടെ ക്ലാസുകൾ നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വ്യത്യസ്തമായ പദ്ധതിയുമായി രുദ്രറാണ രംഗത്തെത്തിയത്.
രാവിലെ ബൈക്കുമായി നിർധനരായ വിദ്യാർത്ഥികളുടെ താമസസ്ഥലത്തേക്കു പോയാണ് രുദ്രയുടെ അധ്യാപനം. പാവപ്പെട്ട കുട്ടികളെ മുഴുവൻ സംഘടിപ്പിച്ച് അവർക്കായി ബ്ലാക്ക് ബോർഡും ചോക്കുമൊക്കെ ഉപയോഗിച്ച് ക്ലാസ് എടുക്കുകയാണ് ഈ അധ്യാപകൻ ചെയ്യുന്നത്.
”വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ പോകാൻ കഴിയാത്തതിനാൽ, ഞാൻ വിദ്യാഭ്യാസം അവരുടെ വീട്ടുവാതിൽക്കൽ എത്തിക്കുന്നു. പല വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സൗകര്യമില്ല.അതിനാൽ എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നതു ഞാൻ ചെയ്യുന്നു. കുട്ടികളെല്ലാം സന്തോഷത്തോടെയാണ് ക്ലാസിലെത്തുന്നത്. മാസ്‌കും സാനിറ്റൈസറും ഉപയോഗിച്ച് സാമൂഹിക അകലം പാലിച്ചാണ് ക്ലാസുകൾ നടത്തുന്നത്. സമ്പർക്കം ഇല്ലാത്തതിനാൽ കോവിഡ് ഭീഷണിയെ ഭയക്കേണ്ട. ബൈക്കിൽ ബ്ലാക്ക് ബോർഡും ചോക്കും സാനിറ്റൈസറും മാസ്‌കുമെല്ലാം കരുതിയാണ് നിർധനരായ കുട്ടികളുടെ അടുത്തേക്കു പഠിപ്പിക്കാനായി പോകുന്നത്. സുരക്ഷിതമായ സ്ഥലത്ത് ബെക്കിൽ വലിയ കുട കെട്ടിവച്ച് അതിനു താഴെ ബ്ലാക്ക് ബോർഡ് സെറ്റ് ചെയ്താണ് ഞാൻ പഠിപ്പിക്കുന്നത്. റെഡിമെയ്ഡ് ക്ലാസ് റൂം സെറ്റ് ചെയ്താലുടൻ ഞാൻ മണിയടിക്കും. അപ്പോൾ കുട്ടികളെല്ലാം സന്തോഷത്തോടെ വരും. സിലബസ് അനുസരിച്ചാണ് ക്ലാസുകൾ എടുക്കുന്നത്.”- രുദ്ര റാണ പറയുന്നു.
അതേസമയം, തങ്ങൾ സ്‌കൂളിൽ പോയി പഠിക്കുന്ന അനുഭവമാണ് ഈ അധ്യാപകന്റെ ക്ലാസിൽ പങ്കെടുക്കുമ്പോൾ ലഭിക്കുന്നതെന്ന് വിദ്യാർത്ഥികളും സാക്ഷ്യപ്പെടുത്തുന്നു.