ലഖ്‌നൗ: കൊവിഡ് കാലത്തെ നീണ്ട അടച്ചിടലിനു ശേഷം ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹൽ സന്ദർശകർക്കായി നാളെ തുറന്നു കൊടുക്കും. അൺലോക്ക് 4ന്റെ ഭാഗമായാണ് താജ്മഹൽ തുറന്നുകൊടുക്കാനുള്ള തീരുമാനം. പക്ഷെ, താജ്മഹലിലേക്ക് സന്ദർശനം നടത്താൻ ഏറെ നിർദേശങ്ങൾ പാലിക്കേണ്ടിവരും. കർശ്ശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ദിവസം 5000 പേർക്ക് മാത്രമായിരിക്കും താജിൽ പ്രവേശിക്കാൻ അനുവദിക്കുക. ആഗ്ര കോട്ടയിൽ 2500 പേർക്ക് മാത്രമേ പ്രതിദിനം സന്ദർശനാനുമതിയുള്ളൂ. ടിക്കറ്റ് കൗണ്ടറുകളുണ്ടായിരിക്കില്ല. പകരം ഇലക്ട്രിക് ടിക്കറ്റുകളായിരിക്കും സന്ദർശകർക്ക് ഇനിമുതൽ നൽകുക. മാസ്‌ക് ധരിക്കുക, സാനിറ്റൈസർ തുടങ്ങിയ കാര്യങ്ങൾ നിർബന്ധമായും പാലിക്കണം.
ഫോട്ടോ എടുക്കുന്നതിനും ചില മാനദണ്ഡങ്ങളുണ്ട്. ഒരു ഫ്രെയിമിൽ രണ്ടുപേരുണ്ടാകുന്നതിന് കുഴപ്പമില്ല. പക്ഷെ, ഇരുവരും തമ്മിൽ ആറടി അകലം പാലിക്കണമെന്നുമാത്രം. വിനോദ സഞ്ചാരികൾക്ക് ഒറ്റയ്ക്കുള്ള ചിത്രങ്ങൾ പകർത്താം. എന്നാൽ, ഒരുമിച്ചുള്ളത് പകർത്തണമെങ്കിൽ സാമൂഹിക അകലം പാലിക്കണമെന്ന് നിർബന്ധമാണ്.
വിനോദ സഞ്ചാരികളെ കൈകളുപയോഗിച്ച് സെക്യൂരിറ്റി ചെക്ക് നടത്തുകയില്ല. മറിച്ച്, മെറ്റൽ ഡിറ്റക്റ്ററുകളും ഹാൻഡിൽഡ് ഡിറ്റക്റ്ററുകളും മാത്രമായിരിക്കും ഉപയോഗിക്കുക. സഞ്ചാരികൾ പ്രവേശിക്കുന്ന പരിസരങ്ങളെല്ലാം തന്നെ ദിവസവും രണ്ടുതവണ സാനിറ്റൈസ് ചെയ്യും. കൊവിഡുമായി ബന്ധപ്പെട്ടുള്ള മുൻകരുതലുകൾക്ക് ഇപ്പോൾ വളരെ പ്രാധാന്യമുണ്ട്, എന്നതിനാലാണ് പുതിയ നിയമങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നതെന്നും ബന്ധപ്പെട്ട അധികൃതർ വിശദീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിലായിരുന്നു താജ്മഹൽ അടച്ചത്.
ലോക്ക്ഡൗൺ കാരണം ബഫർ സോണിന്റെ ഭാഗമായി തരംതിരിച്ചിരുന്ന നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്റ്റംബർ 1 മുതൽ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കുമെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ താജ്മഹലും ആഗ്ര കോട്ടയും തുറന്നിരുന്നില്ല. പിന്നാലെ സെപ്റ്റംബർ 21ന് താജ്മഹൽ തുറക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു.
Discussion about this post