ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വിറപ്പിക്കുമ്പോൾ അധികമൊന്നും മുട്ടിടിക്കാതെ കൊവിഡിനെ പിടിച്ചുകെട്ടി വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അത്ഭുതപ്പെടുത്തുകയാണ്. കൊവിഡ് വ്യാപനം രാജ്യത്ത് തന്നെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോഴും രോഗത്തെ പിടിച്ചുകെട്ടിയ ഈ സംസ്ഥാനങ്ങളും ചില കേന്ദ്ര ഭരണ പ്രദേശങ്ങളും അഭിനന്ദനം അർഹിക്കുന്നുണ്ട്. ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാത്ത മിസോറം കൊവിഡ് പ്രതിരോധത്തിൽ ഏറ്റവും മുന്നിൽ തന്നെയാണ്.
രാജ്യത്ത് ഒട്ടാകെ തന്നെ, ആകെ രോഗബാധിതരുടെ എണ്ണം 5000ൽ കുറവായ മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളുമാണുള്ളത്. മിസോറാം (1578), സിക്കിം (2342), ദാദ്ര നാഗർ ഹവേലി ആൻഡ് ദാമൻ ദിയു (2879), ആന്തമാൻ നികോബാർ (3644), ലഡാക്ക് (3708), മേഘാലയ (4559) എന്നിങ്ങനെയാണ് കൊവിഡ് ഏറ്റവും കുറവായ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.
മിസോറമിൽ 588 പേരാണ് നിലവിൽ കൊവിഡ് ചികിത്സയിലുള്ളത്. ഒരു മരണം പോലുമില്ല. 423 പേർ ചികിത്സയിലുള്ള സിക്കിമിൽ 28 പേരാണ് മരിച്ചത്. ദാമൻ ദിയുവിൽ 211 പേർ ചികിത്സയിൽ തുടരുമ്പോൾ രണ്ട് പേർ മാത്രമാണ് മരിച്ചത്. ആൻഡമാനിൽ 52, ലഡാക്കിൽ 49, മേഘാലയയിൽ 36 എന്നിങ്ങനെയാണ് മരണസംഖ്യ. നാഗാലാൻഡ് 10, അരുണാചൽ പ്രദേശ് 13, മണിപ്പൂർ 55 എന്നിവയാണ് മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മരണസംഖ്യ. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ആസാമിൽ 548 പേരും ത്രിപുരയിൽ 239 പേരും മരിച്ചിട്ടുണ്ട്.
ആസാമിൽ രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. അതേസമയം, രാജ്യത്ത് 92,065 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച് ആകെ രോഗബാധിതർ 54 ലക്ഷം കവിഞ്ഞിരിക്കുകയാണ്. 1,133 പേർ കൂടി മരിച്ചതോടെ ആകെ മരണം 86,752 ആയി ഉയർന്നു.
Discussion about this post