നാഗ്പൂര്‍: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മേയറുടെ നിര്‍ദേശ പ്രകാരം മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ജനത കര്‍ഫ്യൂ പ്രഖ്യപിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ കൂട്ടത്തോടെ ജനം പുറത്തിറങ്ങുകയും ചെയ്തു. കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയാണ് ജനം റോഡിലിറങ്ങിയത്.
രോഗികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ശനിയാഴ്ചയും ഞായറാഴ്ചയും നാഗ്പൂരില്‍ ജനത കര്‍ഫ്യൂ മാനദണ്ഡങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്ന് മേയര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. നാഗ്പൂര്‍ മേയറായ സന്ദീപ് ജോഷിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ ഇവയെല്ലാം ജനം പാടെ തള്ളുകയായിരുന്നു.
അതേസമയം കര്‍ഫ്യൂ സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകളോ വിജ്ഞാപനമോ നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് എന്‍എംസി കമ്മീഷണര്‍ ബി രാധാകൃഷ്ണന് ട്വീറ്റ് ചെയ്തു. ഇതായിരിക്കാം ജനങ്ങള്‍ കൂട്ടത്തോടെ നിരത്തുകളിലിറങ്ങാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു.
ആഴ്ചയില്‍ രണ്ട് ദിവസം ജനതാകര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി നിരവധി പേര് സംശങ്ങളുമായി എത്തുന്നുണ്ട്. ഇതേപ്പറ്റി ഔദ്യോഗിക ഉത്തരവുകളൊന്നും എന്‍എംസി പുറപ്പെടുവിച്ചിട്ടില്ല. സ്വമേധയാ ജനങ്ങള്‍ പാലിക്കാനുള്ള നിര്‍ദ്ദേശം മാത്രമാണിത്.
Discussion about this post