കൊച്ചി: കേരളത്തില്‍ മൂന്നും ബംഗാളില്‍ ആറും ഉള്‍പ്പടെ രാജ്യത്ത് 9 അല്‍-ഖ്വയ്ദ തീവ്രവാദികള്‍ പിടിയിലായി എന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. ഈ വാര്‍ത്ത വന്നതുമുതല്‍ കേരളത്തിലെ കുടിയേറ്റ തൊഴിലാളികള്‍ക്കെതിരായ വിദ്വേഷ പ്രചരണങ്ങളുമായി ഒരു പറ്റം സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ടെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ പറയുന്നു.
ആരോപണ വിധേയരുടെ സമുദായ പശ്ചാത്തലവും കേരളത്തിലെ ന്യൂനപക്ഷ ജനസംഖ്യയുമൊക്കെ താരതമ്യപ്പെടുത്തി, പതിവുപോലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളായി മുദ്രകുത്താനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അഡ്വ. സുഭാഷ് ചന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വിവാദ കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായി വളര്‍ന്നു വരുമ്പോഴാണ് എന്‍ഐഎയുടെ തീവ്രവാദ വേട്ടയെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഭരണകൂടം പ്രതിസന്ധിയിലാകുമ്പോഴൊക്കെ അതിര്‍ത്തികള്‍ അശാന്തമാകുന്നതും നഗരങ്ങളില്‍ സ്‌ഫോടനങ്ങളുണ്ടാകുന്നതും തീവ്രവാദികള്‍ എന്‍കൗണ്ടറുകളില്‍ കൊല്ലപ്പെടുന്നതും ഈ രാജ്യത്ത് പുതുമയുള്ളതല്ലല്ലോ? എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
കേരളത്തില്‍ മൂന്നും ബംഗാളില്‍ ആറും ഉള്‍പ്പടെ രാജ്യത്ത് 9 അല്‍-ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍; രാവിലെ മുതല്‍ ദേശീയ മാധ്യമങ്ങളിലും മലയാള മാധ്യമങ്ങളിലും ബ്രേക്കിംഗ് ന്യൂസുകള്‍ തകര്‍ക്കുകയാണ്.എന്‍ഐഎ നല്‍കിയ വാര്‍ത്താ കുറിപ്പിനെ ഉദ്ധരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ മനോധര്‍മ്മം ആടി തകര്‍ക്കുന്നുമുണ്ട്. തീവ്രവാദമുള്‍പ്പടെ ഏതുതരം കുറ്റകൃത്യത്തിലേര്‍പ്പെട്ടവരും നിയമപരമായി വിചാരണ ചെയ്യപ്പെടേണ്ടവരാണ്;നിയമപരമായി മാത്രം.
NIA യുടെ അറസ്റ്റിന്റെ വാര്‍ത്ത വന്നതു മുതല്‍ കേരളത്തിലെ കുടിയേറ്റ തൊഴിലാളികള്‍ക്കെതിരായ വിദ്വേഷ പ്രചരണങ്ങളുമായി ഒരു പറ്റം സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്;ആരോപണ വിധേയരുടെ സമുദായ പശ്ചാത്തലവും കേരളത്തിലെ ന്യൂനപക്ഷ ജനസംഖ്യയുമൊക്കെ താരതമ്യപ്പെടുത്തി, പതിവുപോലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളായി മുദ്രകുത്താനാണ് കൊണ്ടുപിടിച്ച ശ്രമം.
വിവാദ കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായി വളര്‍ന്നു വരുമ്പോഴാണ് NIA യുടെ തീവ്രവാദ വേട്ടയെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഭരണകൂടം പ്രതിസന്ധിയിലാകുമ്പോഴൊക്കെ അതിര്‍ത്തികള്‍ അശാന്തമാകുന്നതും നഗരങ്ങളില്‍ സ്‌ഫോടനങ്ങളുണ്ടാകുന്നതും തീവ്രവാദികള്‍ എന്‍കൗണ്ടറുകളില്‍ കൊല്ലപ്പെടുന്നതും ഈ രാജ്യത്ത് പുതുമയുള്ളതല്ലല്ലോ?
അല്‍ ഖ്വയ്ദ തീവ്രവാദികളെന്നാരോപിക്കപ്പെടുന്നവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട NIA യുടെ വാര്‍ത്താകുറിപ്പിലെ അവകാശ വാദങ്ങള്‍ തന്നെ അവിശ്വസനീയമാണ്;
സമൂഹമാധ്യമങ്ങളിലൂടെ പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രചോദിതരായെന്നും സ്‌ഫോടനങ്ങളുള്‍പ്പടെ നടത്താന്‍ ധനശേഖരണത്തിലേര്‍പ്പെട്ടിരിക്കവെയാണ് അറസ്റ്റെന്നുമാണ് ഔദ്യോഗിക ഭാഷ്യം.
തീവ്രവാദ പ്രവര്‍ത്തനം എങ്ങനെ ഏകോപിപ്പിക്കപ്പെടുന്നുവെന്നും ബക്കറ്റു പിരിവു നടത്തിയല്ല സ്‌ഫോടങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്നും അറിയാത്തവരല്ല ഇന്ത്യയിലെ തീവ്രവാദ വിരുദ്ധ അന്വേഷണ ഏജന്‍സിയായ NIA. സൈന്യത്തിന്റേയും പോലീസിന്റേയും മനുഷ്യാവകാശ ലംഘനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന, വിമര്‍ശന വിധേയമാക്കുന്ന ഒരാള്‍ക്കും എളുപ്പത്തില്‍ സ്വീകാര്യമാകുന്ന വിവരങ്ങളല്ല ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് വാര്‍ത്താകുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്.
2020 ജൂലൈ 18 ന് ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള കോര്‍ട്ട് ഓഫ് എന്‍ക്വയറിയുടെ റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തുവന്നത്. ലോക് ഡൗണ്‍ കാലത്ത് രജൗരി ജില്ലയില്‍ നിന്നും ഷോപ്പിയാനിലേക്ക് ജോലി തേടി പോയ 16ഉം 20ഉം 24 ഉം വയസുള്ള മൂന്ന് മുസ്ലീം ചെറുപ്പക്കാരെയാണ് രാഷ്ട്രീയ റൈഫിള്‍സ് സൈനികര്‍ തീവ്രവാദികളെന്നാരോപിച്ച് വെടിവെച്ചു കൊന്നത്.ശക്തമായ ജനരോഷത്തെ തുടര്‍ന്ന് സൈന്യം പ്രഖ്യാപിച്ച കോര്‍ട്ട് ഓഫ് എന്‍ക്വയറിയിലാണ് ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന് പ്രാഥമികമായി തെളിഞ്ഞിരിക്കുന്നത്.
ഷോപ്പിയാല്‍ വ്യാജ ഏറ്റുമുട്ടലില്‍ അന്വേഷണവും നടപടിയും ഇരകള്‍ക്ക് നീതിയുമാവശ്യപ്പെട്ട് ClTU ജമ്മു കശ്മീര്‍ ഘടകത്തിനു വേണ്ടി ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച അഭിഭാഷകനെന്ന നിലയില്‍ കശ്മീരുള്‍പ്പടെ വിവിധ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ സൈനികര്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പഠിക്കാന്‍ ഒരു പരിധി വരെ അവസരം ലഭിച്ചിട്ടുണ്ട്.
പറഞ്ഞു വന്നത് ഇത്രമാത്രം, അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വാര്‍ത്താകുറിപ്പുകള്‍ തൊണ്ട തൊടാതെ വിഴുങ്ങി, ഭീകരരെന്നു പ്രഖ്യാപിച്ച്, അടുക്കള വരെ കയറി മാധ്യമവിചാരണ നടത്തുന്നതിനു പകരം സത്യസന്ധവും വസ്തുനിഷ്ഠവുമായ അന്വേഷണം നടത്താന്‍ ചങ്കുറപ്പും അന്വേഷണത്വരയും മനുഷ്യാവകാശങ്ങള്‍ മതിക്കുന്നവരുമായ മാധ്യമ പ്രവര്‍ത്തകര്‍ ഇനിയും ശേഷിക്കുന്നുണ്ടോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.
ആവര്‍ത്തിച്ചു പറയുന്നു;
കുറ്റവാളികള്‍ ആരായാലും നിയമപരമായി വിചാരണ ചെയ്ത് ശിക്ഷിക്കപ്പെടണം, നിയമപരമായി മാത്രം.
സത്യമേവ ജയതേ !
അഡ്വ.സുഭാഷ് ചന്ദ്രന്‍
Discussion about this post