എന്നെ അയല്‍വീട്ടിലെ അമ്മായിയെ പോലെ തോന്നിയതുകൊണ്ടാകും അങ്ങനെ പറഞ്ഞത്; വിമര്‍ശനങ്ങളോട് പ്രതികരിച്ച് നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: കോവിഡിനെ ദൈവത്തിന്റെ പ്രവൃത്തിയെന്ന് വിശേഷിപ്പിച്ച കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നത്. ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി.

ഒരു സാധാരണ വനിതയായ ധനകാര്യമന്ത്രി ദൈവത്തിന്റെ പ്രവൃത്തിയെന്ന് പറഞ്ഞത് പരിഹാസ്യരൂപേണയാണ് സ്വീകരിക്കപ്പെട്ടതെന്നും അതേസമയം ലാറ്റിന്‍ വാക്കായ ‘ഫോഴ്‌സ് മെഷര്‍'(force mejeure) നല്ല രീതിയില്‍ സ്വീകരിക്കപ്പെടുകയും ചെയ്യുന്നുവെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

വെള്ളിയാഴ്ച ലോക്‌സഭയില്‍ സംസാരിക്കവേയാണ് ധനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ‘നിരവധി ആളുകള്‍ ജി.എസ്.ടി. നഷ്ടപരിഹാരം സംബന്ധിച്ച് സംസാരിച്ചു. ദൈവത്തിന്റെ പ്രവൃത്തി എന്ന എന്റെ വിശേഷണത്തെ പലയാവര്‍ത്തി പരാമര്‍ശിച്ചതായും കണ്ടു. അക്കാര്യത്തില്‍ ഞാന്‍ വളരെയധികം സന്തുഷ്ടയാണ്.’ എന്ന് നിര്‍മല കൂട്ടിച്ചേര്‍ത്തു.

അസാധാരണമായ സാഹചര്യങ്ങളെ വിശേഷിപ്പിക്കാന്‍ ജനങ്ങള്‍ ലാറ്റിന്‍ പദമായ ഫോഴ്‌സ് മെഷര്‍ ആണ് ഉപയോഗിക്കാറുളളത്. എന്നാല്‍ ഒരു സാധാരണ വനിതയായ ധനകാര്യമന്ത്രിയുടെ ദൈവത്തിന്റെ പ്രവൃത്തി എന്ന പരാമര്‍ശം പരിഹാസ രൂപേണയാണ് സ്വീകരിക്കപ്പെട്ടത്.

മന്ത്രിയായ ഈ സ്ത്രീയെ അയല്‍വീട്ടിലെ അമ്മായിയെ പോലെ തോന്നിയതുകൊണ്ടാകും. അവര്‍ക്കിതെങ്ങനെ പറയാന്‍ സാധിക്കും?രൂക്ഷപരിഹാസമല്ല, നിങ്ങളുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ തയ്യാറാണ്.’ നിര്‍മല ചോദിച്ചു. സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനയെ മന്ത്രി ന്യായീകരിക്കുകയും ചെയ്തു.

ഓഗസ്റ്റ് 27-നാണ് രാജ്യത്തിന്റെ സമ്പദ്ഘടനയെ കോവിഡ് 19 മഹാമാരി പ്രതിരോധത്തിലാക്കിയെന്നും അത് ദൈവത്തിന്റെ പ്രവൃത്തിയാണെന്നും നിര്മല സീതാരാമന്‍ അഭിപ്രായപ്പെട്ടത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2.35 ലക്ഷം കോടിയുടെ കുറവുണ്ടായെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version