ന്യൂഡല്‍ഹി: മുപ്പത് എംപിമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യത. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും പ്രഹ്ളാദ് സിങ് പട്ടേലിനും ഉള്‍പ്പെടെ 30 എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ കൊണ്ടുവന്ന പതിനൊന്ന് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകള്‍ അടുത്ത ആഴ്ച സഭയില്‍ പാസാക്കിയാല്‍ സമ്മേളനം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുന്നത്. അടുത്തയാഴ്ച ആദ്യ മൂന്ന് ദിവസങ്ങളില്‍ തന്നെ ഈ ബില്ലുകള്‍ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം.
അതേസമയം സഭ വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഒക്ടോബര്‍ ഒന്ന് വരെ തുടര്‍ച്ചയായി 18 ദിവസത്തേക്ക് വര്‍ഷകാല സമ്മേളനം ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചാണ് സഭ ചേര്‍ന്നിരുന്നത്. എന്നാല്‍ കൂടുതല്‍ എംപിമാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് സഭ വെട്ടിച്ചുരുക്കി പിരിയാമെന്ന ചര്‍ച്ചകള്‍ കേന്ദ്രതലത്തില്‍ സജീവമായിരിക്കുന്നത്.