ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ എക്സ്പ്രസിന് ദുബായില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. കൊവിഡ് രോഗിയെ യാത്രചെയ്യാന്‍ അനുവദിച്ചതിന്റെ പേരിലാണ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിലക്ക് ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച മുതല്‍ ഒക്ടോബര്‍ 2 വരെ 15 ദിവസത്തേക്കായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇരുരാജ്യങ്ങളുടേയും വ്യോമയാനമന്ത്രാലയങ്ങള്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് വിലക്ക് റദ്ദാക്കിയത്. ഡല്‍ഹി, ജയ്പൂര്‍ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് വ്യക്തമാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്, ദുബായ് അധികൃതര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു. ജീവനക്കാര്‍ക്ക് ശിക്ഷാ നടപടികള്‍ ഉറപ്പാക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
കൊവിഡ് പോസിറ്റീവായ യാത്രക്കാരെ രണ്ടുതവണ സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ച് ഇന്ത്യയില്‍ നിന്ന് ദുബായ് വിമാനത്താവളത്തിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ എക്സ്പ്രസ് അധികൃതര്‍ക്ക് നോട്ടിസ് അയച്ചത്. ഇന്നു മുതല്‍ ഒക്ടോബര്‍ രണ്ടുവരെ 15 ദിവസത്തേക്കായിരുന്നു വിലക്ക്. ഈ മാസം നാലിന് ജയ്പൂരില്‍ നിന്ന് ദുബായിലേക്ക് വന്ന യാത്രക്കാരന് കൊവിഡ് പോസിറ്റീവ് റിസള്‍ട്ടുമായാണ് യാത്ര ചെയ്തത്. മുന്‍പ് സമാന സംഭവമുണ്ടായപ്പോള്‍ ദുബായ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Discussion about this post