ന്യൂഡൽഹി: മന്ത്രിമാരുടേയും പാർലമെന്റ് അംഗങ്ങളുടേയും ശമ്പളവും അലവൻസുകളും 30 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നത് ശുപാർശ ചെയ്യുന്ന ബില്ലുകൾ രാജ്യസഭ പാസാക്കി. ചൊവ്വാഴ്ച ഈ ബിൽ ലോക്സഭയും പാസാക്കിയിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അസാന്നിധ്യത്തിൽ ആഭ്യന്തര സഹമന്ത്രിയാണ് രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചത്.
കോൺഗ്രസ്, ബിജെഡി തുടങ്ങി പ്രതിപക്ഷനിരയിലെ എല്ലാ എംപിമാരും ബില്ലിനെ പിന്തുണച്ചു. അതേസമയം, എംപിമാരുടെ പ്രാദേശികവികസന ഫണ്ട് നിർത്താലാക്കിയത് പുനസ്ഥാപിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു. 70 ശതമാനം അംഗങ്ങളും ശമ്പളത്തെ ആശ്രയിക്കുന്നുണ്ടെങ്കിലും ബില്ലിനെ അംഗീകരിക്കുന്നുവെന്നും പ്രതിപക്ഷ മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. എംപിഎൽഡി ഫണ്ട് വികസന പദ്ധതികൾ നടപ്പാക്കാനായി പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിരവധി എംപിമാർ സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ഒരു വർഷത്തേക്കുള്ള ശമ്പളമാകും വെട്ടിക്കുറയ്ക്കുക. ഇത് സംബന്ധിച്ച ഓർഡിനൻസിന് ഏപ്രിൽ ആദ്യവാരം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അംഗീകാരമായിരുന്നു. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്.
Discussion about this post